ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വലിയ ബ്ലണ്ടറുമായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിൽ കെഎൽ രാഹുൽ ആയിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ചത്. എന്നാൽ മൂന്നാം മത്സരത്തിൽ രാഹുലിനെ മാറ്റി പന്തിനെ ഇന്ത്യ കീപ്പറായി അവരോധിക്കുകയായിരുന്നു.
പക്ഷേ മത്സരത്തിൽ ശ്രീലങ്കൻ ഇന്നിംഗ്സിന്റെ 49ആം ഓവറിൽ ഒരു അനായാസ സ്റ്റമ്പിങ് മിസ്സ് ആക്കിയാണ് റിഷഭ് പന്ത് ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ തീർത്തത്. മത്സരത്തിൽ കുൽദീപ് എറിഞ്ഞ 49ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. അവിസ്മരണീയ ബോളിംഗ് പ്രകടനമായിരുന്നു കുൽദീപ് ഓവറിൽ കാഴ്ചവെച്ചത്.
ഓവറിലെ അവസാന പന്തിൽ കുൽദീപിനെതിരെ ആക്രമണം അഴിച്ചുവിടാൻ ശ്രീലങ്കയുടെ വാലറ്റ ബാറ്റർ മഹേഷ് തീക്ഷണ തയ്യാറാവുകയായിരുന്നു. ഇത് കൃത്യമായി കണ്ട കുൽദീപ് തന്ത്രപരമായി പന്തിൽ വേരിയേഷൻ വരുത്തി. തീക്ഷണ വമ്പൻ ഷോട്ടിന് ശ്രമിച്ചെങ്കിലും ബോളിനെ സ്പർശിക്കാൻ പോലും സാധിച്ചില്ല. ബോൾ വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിൽ എത്തുമ്പോൾ തീക്ഷണ ക്രീസിന് ഒരുപാട് പുറത്തായിരുന്നു. അതിനാൽ തന്നെ അനായാസമായി അതൊരു സ്റ്റമ്പിങ് ആക്കി മാറ്റാൻ പന്തിന് സാധിക്കുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ ബോൾ കൈപ്പിടിയിലൊതുക്കിയ ശേഷം പന്ത് കുറച്ചധികം സമയം ചിലവാക്കുകയുണ്ടായി. മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയിൽ അനായാസം ഒരു സ്റ്റമ്പിങ്ങിനാണ് പന്ത് ശ്രമിച്ചത്. എന്നാൽ അതിനിടെ തിരികെ ക്രീസിൽ കയറാൻ തീക്ഷണയ്ക്ക് സാധിച്ചു. ഒരുപക്ഷേ പന്ത് കുറച്ചുകൂടി വേഗതയിൽ ബോൾ കളക്ട് ചെയ്ത് സ്റ്റമ്പിൽ എത്തിച്ചിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ലഭിക്കുമായിരുന്നു. ഇത് മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതികൂലമായി മാറുകയും ചെയ്തു. എന്തായാലും വളരെ പ്രതീക്ഷയോടെ ടീമിലെത്തിയ പന്തിന്റെ നിർഭാഗ്യകരമായ പ്രകടനമാണ് മത്സരത്തിൽ കണ്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ഒരു തട്ടുപൊളിപ്പൻ തുടക്കമായിരുന്നു ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർക്കാൻ നിസ്സംഗയ്ക്കും ഫെർണാണ്ടൊക്കും സാധിച്ചു. നിസ്സംഗ 65 പന്തുകളിൽ 45 റൺസ് നേടി പുറത്തായി. എന്നാൽ പിന്നീട് മെൻഡിസിനെയും കൂട്ടുപിടിച്ച് ഫെർണാണ്ടോ സ്കോറിങ് ഉയർത്തുകയായിരുന്നു. മത്സരത്തിൽ 102 പന്തുകൾ നേരിട്ട ഫെർണാണ്ടൊ 96 റൺസാണ് നേടിയത്. മെൻഡിസ് 59 റൺസും നേടി. പക്ഷേ മത്സരത്തിൽ വാലറ്റ ബാറ്റർമാർ മികവ് പുലർത്താതിരുന്ന സാഹചര്യത്തിൽ ശ്രീലങ്ക അല്പം പതറി. 50 ഓവറുകളിൽ 248 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്.