നാണംകെട്ട തോൽവി. 110 റൺസിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. പരമ്പര നഷ്ടം.

385904

ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിൽ കൂറ്റൻ പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിൽ 110 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ഇന്ത്യക്ക് പരമ്പര നഷ്ടം ആയിട്ടുണ്ട്. ഇന്ത്യയെ പരാജയപ്പെടുത്തി 2-0 എന്ന നിലയിലാണ് ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കിയത്.

മത്സരത്തിൽ ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചത് 96 റൺസ് നേടിയ ഫെർണാണ്ടോയാണ്. ബോളിങ്ങിൽ ശ്രീലങ്കയുടെ സ്പിന്നർ വെല്ലലാകെ അവസരത്തിനൊത്ത് ഉയരുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾ താരം സ്വന്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് ഒരു ഷോക്കിംഗ് പരാജയം തന്നെയാണ് പരമ്പരയിൽ നേരിട്ടത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ പരമ്പരയിലെ ഏറ്റവും മികച്ച തുടക്കമാണ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് ലഭിച്ചത്. ശ്രീലങ്കയുടെ ഓപ്പണർമാരായ നിസംഗയും ആവിഷ്ക ഫെർണാണ്ടോയും ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ തന്നെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ പിന്നിലാക്കാൻ ഇരുവർക്കും സാധിച്ചു.

89 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. നിസ്സംഗ 65 പന്തുകളിൽ 45 റൺസായിരുന്നു നേടിയത്. നിസ്സംഗ പുറത്തായ ശേഷമെത്തിയ മെൻഡിസും ഇന്ത്യക്കെതിരെ തകർത്തടിച്ചു. ഒരു വശത്ത് ആവിഷ്കാ ഫെർണാണ്ടോ ക്രീസിലുറച്ച് ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.

മത്സരത്തിൽ 102 പന്തുകൾ നേരിട്ട ഫെർണാണ്ടൊ 96 റൺസാണ് നേടിയത്. 9 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. കുശാൽ മെൻഡിസ് 82 പന്തുകളിൽ 59 റൺസും നേടുകയുണ്ടായി. എന്നാൽ മറ്റു ബാറ്റർമാർ മത്സരത്തിൽ മികവ് പുലർത്താതിരുന്നത് ശ്രീലങ്കയെ ബാധിച്ചു.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

അവസാന ഓവറുകളിൽ 23 റൺസ് നേടിയ കമിന്ദു മെൻഡിസ് മാത്രമാണ് കുറച്ചു നേരം പിടിച്ചുനിന്നത്. നിശ്ചിത 50 ഓവറുകളിൽ 248 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ റിയാൻ മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി പതിവുപോലെ രോഹിത് ശർമ ആക്രമിച്ചു തുടങ്ങി.

എന്നാൽ മറുവശത്ത് ഗില്ലിന്റെ(6) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. രോഹിത് മത്സരത്തിൽ 20 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 35 റൺസാണ് നേടിയത്. എന്നാൽ ശ്രീലങ്കൻ സ്പിന്നർമാർക്ക് മുൻപിൽ രോഹിത് വീണതോടെ ഇന്ത്യയുടെ ദുരന്തം ആരംഭിച്ചു. പിന്നീടെത്തിയ ഇന്ത്യൻ ബാറ്റർമാർക്ക് ആർക്കും തന്നെ ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. പല ബാറ്റർമാരും അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോൾ, ചിലർക്ക് പന്തിന്റെ ദിശയെയും ഗതിയെയും പോലും നിർണയിക്കാൻ സാധിച്ചില്ല.

ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചു. 101 റൺസ് സ്വന്തമാക്കുന്നതിന് ഇന്ത്യയുടെ 8 വിക്കറ്റുകൾ പിഴുതെറിയാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ഇന്ത്യയ്ക്കായി അല്പമെങ്കിലും പൊരുതിയത് വാഷിംഗ്ടൺ സുന്ദറാണ്. മത്സരത്തിൽ 30 റൺസ് സ്വന്തമാക്കാൻ സുന്ദറിന് സാധിച്ചു. പക്ഷേ ഇന്ത്യയുടെ പരാജയം ഒഴിവാക്കാൻ ആർക്കും തന്നെയായില്ല.

Scroll to Top