2025 ഐപിഎല്ലിലെ തങ്ങളുടെ നാലാം മത്സരത്തിന് മുന്നോടിയായി രാജസ്ഥാന് സന്തോഷവാർത്ത. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ പൂർണ്ണമായി തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്ത സഞ്ജു സാംസൺ രാജസ്ഥാൻ നായകനാവാൻ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാന്റെ അടുത്ത മത്സരത്തിൽ നായകനായാവും സഞ്ജു സാംസൺ തിരികെയെത്തുക. കഴിഞ്ഞ മത്സരങ്ങളിൽ റിയാൻ പരഗാണ് രാജസ്ഥാനെ നയിച്ചിരുന്നത്.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായാണ് സഞ്ജു സാംസൺ കളിച്ചത്. നായകനായി സഞ്ജു ഇല്ലാത്തതിനാൽ തന്നെ മോശം തുടക്കമായിരുന്നു രാജസ്ഥാന് ഈ സീസൺ ലഭിച്ചത്. ആദ്യ മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ വലിയ പരാജയം രാജസ്ഥാന് ഏറ്റുവാങ്ങേണ്ടിവന്നു. ശേഷം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. പിന്നീടാണ് ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ഇതിന് ശേഷം സഞ്ജു സാംസൺ തിരിച്ചു വരുന്ന വാർത്ത രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്നു.
“ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസണ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. ഇനി സഞ്ജുവിന് തന്റെ വിക്കറ്റ് കീപ്പിംഗ് ജോലികളും ചെയ്യാൻ സാധിക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മെഡിക്കൽ ടീമിന്റെ പൂർണമായ പരിശോധനയ്ക്ക് ശേഷമാണ് സഞ്ജുവിന് ഇത്തരത്തിൽ ഒരു ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്. ഈ സാഹചര്യത്തിൽ സഞ്ജു രാജസ്ഥാൻ ടീമിന്റെ പൂർണ നായകനായി തന്നെ തിരിച്ചു വരും. പഞ്ചാബ് കിങ്സിനെതിരായ രാജസ്ഥാന്റെ അടുത്ത മത്സരത്തിൽ തന്നെ സഞ്ജു നായകനായെത്തും.”- രാജസ്ഥാൻ പുറത്തുവിട്ട ഒരു പ്രസ്താവനയിൽ പറയുന്നു.
നായകനല്ലെങ്കിലും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് ആദ്യ മത്സരത്തിൽ സാധിച്ചിരുന്നു. ആദ്യ മത്സരത്തിൽ 66 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. പിന്നീടുള്ള മത്സരങ്ങളിൽ 13, 20 എന്നിങ്ങനെ സ്വന്തമാക്കാനേ സഞ്ജുവിന് സാധിച്ചുള്ളൂ. നിലവിൽ ഈ സീസണിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയ രാജസ്ഥാൻ ടീം പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. പഞ്ചാബിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് രാജസ്ഥാന്റെ നിലവിലെ ശ്രമം.