ഒളിമ്പിക്സ് മെഡൽ നേടാൻ സഹായിച്ചത് ഭഗവത് ഗീത. അഭിമാന താരം മനു ഭാകർ തുറന്ന് പറയുന്നു.

download 1 3

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മനു ഭാകർ. ഇത്തവണത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ മനു ഭാകർ സ്വന്തമാക്കിയിട്ടുണ്ട്.

10 മീറ്റർ വനിതകളുടെ എയർ പിസ്റ്റൽ വിഭാഗത്തിലാണ് മനു വെങ്കല മെഡൽ സ്വന്തമാക്കിയത്. 2012 ന് ശേഷം ഇന്ത്യ ഷൂട്ടിങ്ങിൽ നേടുന്ന ആദ്യ ഒളിമ്പിക്സ് മെഡൽ കൂടിയാണ് ഇത്. 2012ൽ വിജയ് കുമാറും ഗഗൻ നരങ്ങുമായിരുന്നു ഷൂട്ടിംഗിൽ മെഡൽ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് അഭിമാന നേട്ടം മനു ഭാകർ സ്വന്തമാക്കിയത്. തന്റെ ചരിത്ര വിജയത്തിന് ശേഷം മനു ഭാകർ സംസാരിക്കുകയുണ്ടായി.

മെഡൽ സ്വന്തമാക്കിയ മത്സരത്തിലെ അവസാന നിമിഷങ്ങളെ പറ്റിയാണ് മനു വാചാലയായത്. ഭഗവത് ഗീതയിലെ ചില വാക്കുകളാണ് തനിക്ക് വലിയ പ്രചോദനം നൽകിയത് എന്ന് മനു ഭാകർ പറഞ്ഞു. ഫൈനലിൽ ഉൾപ്പെടെ താൻ ഭഗവത് ഗീതാ വചനങ്ങളിലാണ് കൂടുതൽ വിശ്വസിച്ചത് എന്നും താരം പറയുകയുണ്ടായി.

“ഞാൻ ഭഗവത്ഗീത ഒരുപാട് തവണ വായിച്ചിട്ടുണ്ട്. എന്താണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് ചെയ്യുക എന്നത് മാത്രമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത്. ഒരിക്കലും നമ്മുടെ വിധിയെയോ മത്സര ഫലത്തെയോ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ല.”- മനു ഭാകർ പറയുന്നു.

“ഇതേ കാര്യം തന്നെയാണ് ഭഗവത് ഗീതയിലും കൃഷ്ണൻ അർജുനനോട് പറയുന്നത്. ‘കർത്തവ്യത്തിൽ ശ്രദ്ധിക്കുക. നിങ്ങൾ നിങ്ങളുടെ കർത്തവ്യം ചെയ്യുക. എന്നാൽ ഫലങ്ങളെ പറ്റി സ്വയം ചിന്തിക്കരുത്.’ അതായിരുന്നു ആ സമയത്ത് എന്റെ ശിരസ്സിലൂടെ സഞ്ചരിച്ചത്. ഞാൻ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി ചെയ്യുക എന്നത് മാത്രമാണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ബാക്കി കാര്യങ്ങളൊക്കെ വഴിയേ നടക്കും എന്നാണ് ഞാൻ മനസ്സിലാക്കിയത്.”- മനു ഭാകർ കൂട്ടിച്ചേർക്കുന്നു. 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ഒരു ഹൃദയഭേദകമായ പരാജയമായിരുന്നു മനു ഭാകർക്ക് ഉണ്ടായത്. എന്നാൽ ഇപ്പോൾ ഒരു ശക്തമായ തിരിച്ചുവരവിലൂടെ മെഡൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

എന്നാൽ മുൻപുണ്ടായ പരാജയങ്ങളൊക്കെയും താൻ അവിടെ വെച്ച് തന്നെ മറന്നു എന്നാണ് മനു ഭാകർ പറഞ്ഞത്. “ടോക്കിയോ ഒളിമ്പിക്സിന് ശേഷം എനിക്ക് ഒരുപാട് നിരാശകൾ ഉണ്ടായിരുന്നു. അതിൽ നിന്ന് തിരിച്ചു വരാൻ എനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നു. എന്നിരുന്നാലും ഞാൻ വളരെ ശക്തമായി തന്നെ തിരിച്ചു വരികയുണ്ടായി. ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നത് മാത്രമാണ് നമ്മൾ കാര്യമായി എടുക്കേണ്ടത്. കഴിഞ്ഞ കാര്യങ്ങൾ അവിടെ വച്ച് തന്നെ മറക്കുക എന്നതാണ് ഏറ്റവും നല്ലത്.”- മനു ഭാകർ പറഞ്ഞു വെക്കുന്നു.

Scroll to Top