ഫൈനലിൽ കാലിടറി ഇന്ത്യൻ വനിതകൾ. ആദ്യമായി ഏഷ്യകപ്പ്‌ സ്വന്തമാക്കി ശ്രീലങ്ക.

385499

വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പരാജയം നേരിട്ട് ഇന്ത്യ. ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക തങ്ങളുടെ ആദ്യ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് അത്തപത്തുവും സമരവിക്രമയുമാണ്.

ബോളിങ്ങിൽ 2 വിക്കറ്റുകളുമായി ദിൽഹരി മികവ് പുലർത്തുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒരു പരാജയമാണ് ഫൈനൽ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. ടൂർണ്ണമെന്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സ്മൃതി മന്ദന നൽകിയത്. ഷഫാലി വർമയുടെയും(16) ഉമ ചെത്രിയുടെയും(9) വിക്കറ്റുകൾ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, ഒരുവശത്ത് സ്മൃതി മന്ദന ക്രീസിലുറച്ചു.

മത്സരത്തിൽ ഒരു ആങ്കറുടെ റോളിൽ കളിക്കാൻ സ്മൃതിക്ക് സാധിച്ചു. മത്സരത്തിൽ 47 പന്തുകൾ നേരിട്ട സ്മൃതി 10 ബൗണ്ടറികളടക്കം 60 റൺസാണ് നേടിയത്. ഒപ്പം മധ്യനിരയിൽ റോഡ്രിഗസ് ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയുണ്ടായി.

16 പന്തുകൾ മത്സരത്തിൽ നേരിട്ട റോഡ്രിഗസ് 29 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ റിച്ചാ ഘോഷും അടിച്ചു തകർത്തതോടെ ഇന്ത്യയുടെ സ്കോർ ഉയർന്നു. റിച്ചാ ഘോഷ് 14 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 30 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 165 എന്ന സ്കോറിൽ എത്തുകയായിരുന്നു. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഗുണരത്നയുടെ വിക്കറ്റ് നഷ്ടമായി. പക്ഷേ പിന്നീട് ശ്രീലങ്കൻ നായകൻ ചമരി അത്തപ്പത്തുവിന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

ടൂർണമെന്റിടനീളം മികച്ച പ്രകടനം പുറത്തെടുത്ത അത്തപ്പത്തു സമരവിക്രമയെയും കൂട്ടുപിടിച്ച് ശ്രീലങ്കയ്ക്കായി പോരാട്ടം നയിച്ചു. രണ്ടാം വിക്കറ്റിൽ 87 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. 43 പന്തുകൾ നേരിട്ട അത്തപ്പത്തു 61 റൺസ് മത്സരത്തിൽ നേടി. ഇതോടെ ഇന്ത്യ മത്സരത്തിൽ പരാജയം മണക്കുകയായിരുന്നു. ശേഷം സമരവിക്രമയും ആക്രമണം അഴിച്ചു വിട്ടതോടെ ഇന്ത്യ പരാജയമറിഞ്ഞു. 51 പന്തുകളിൽ 69 റൺസാണ് സമരവിക്രമ നേടിയത്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ശ്രീലങ്ക നേടിയത്.

Scroll to Top