ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ഏറെ ആശങ്കയാണ് നമുക്ക് സമ്മാനിക്കുന്നത് .കോവിഡ് വ്യാപനത്തിനൊപ്പം മരണനിരക്കും ഉയരുന്നത് ആരോഗ്യ രംഗത്തും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട് .രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വലിയ ഭീഷണി ഉയർത്തുന്ന സ്ഥിതിക്ക് എല്ലാവരും അതിവേഗം വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും അതിൽ യാതൊരു മടിയും പാടില്ല എന്നും അഭ്യർത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ രംഗത്തെത്തി . ട്വിറ്ററിലാണ് അശ്വിൻ വാക്സിനേഷന്റെയും ഇരട്ട മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകത സൂചിപ്പിച്ചത് .
“ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത് എല്ലാവരും വാക്സിനെടുക്കണമെന്നും ഏറെ സുരക്ഷിതമായ ഇരട്ട മാസ്ക് ധരിക്കണമെന്നും മാത്രമാണ് . സാമൂഹിക അകലം പാലിക്കേണ്ടത് വലിയ അത്യാവശ്യമാണ് . കൊവിഡിനെ പ്രതിരോധിക്കാൻ നാം എല്ലാവരും വാക്സിനെടുക്കുകയാണ് ഏറ്റവും നല്ല മാർഗം.നമ്മുടെ രാജ്യം ഒരു കൊവിഡ് ക്ലസ്റ്ററായി മാറുന്നതിൽ നിന്നും തടയുവാൻ നാം എല്ലാവരും അതീവ ജാഗ്രത പാലിക്കണം ” അശ്വിൻ ട്വിറ്റർ പോസ്റ്റിൽ ഇപ്രകാരം കുറിച്ചു .
അതേസമയം ട്വീറ്റിന് താഴെ എൻ 95 മാസ്കുകൾക്ക് വളരെ വിലയാണെന്നും അത് താങ്ങുവാൻ കഴിയുന്നതിലും അപ്പുറം എന്നും കമന്റ് ചെയ്ത ഒരു ആരാധകന് അശ്വിൻ നൽകിയ മറുപടിയാണിപ്പോൾ ഏറെ പ്രശംസ നേടിയത് . ഒരു ആരാധകന്റെ ആവശ്യത്തിന് മറുപടിയായാണ് ആവശ്യക്കാർക്ക് എല്ലാം വൈകാതെ എൻ 95 മാസ്കുകൾ എത്തിക്കാൻ താൻ തയാറാണെന്നും തന്റെ ടൈംലിനിലുള്ള ആരെങ്കിലും ഇതിനുള്ള ഒരു മികച്ച മാർഗം പറഞ്ഞാൽ എത്തിക്കാമെന്നും അശ്വിൻ ഉറപ്പ് നൽകിയത് .അശ്വിന്റെ വലിയ മനസ്സിന് നന്ദിയും അഭിനന്ദനവും നൽകുയാണ് ക്രിക്കറ്റ് ലോകവും സോഷ്യൽ മീഡിയയുമിപ്പോൾ .
നേരത്തെ ഈ സീസൺ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിൽ കളിച്ച അശ്വിൻ കുടുംബത്തിലെ ചിലർക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു . വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ താരം ഇടം കണ്ടെത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .