ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ സീസണിലെ ഉദ്ഘാടന മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു. ആര്‍ത്തിരമ്പിയ സ്റ്റേഡിയത്തില്‍ ആരാധകരെ സാക്ഷിയാക്കി ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴസ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അമ്പരപ്പിച്ചു എന്ന് പറയുകയാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റെന്‍റൈന്‍.
രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു കേരളാ ബ്ലാസ്റ്റേഴസ് തങ്ങളുടെ തട്ടകത്തില്‍ പന്ത് തട്ടാനെത്തിയത്. മികച്ച സ്വീകരണം നല്‍കിയതിന് കേരളത്തിലെ ആരാധകര്‍ക്ക് മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ സ്റ്റീഫന്‍ കോണ്‍സ്റ്റെന്‍റൈന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
“കേരളത്തിലെ ആരാധകരിൽ നിന്ന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്, ഞാൻ അതിനെ അഭിനന്ദിക്കുന്നു. തീർച്ചയായും രണ്ട് വർഷത്തിന് ശേഷം ആരാധകരുടെ സാന്നിധ്യത്തിലെ ആദ്യത്തെ ലീഗ് മത്സരം കൊച്ചിയിൽ വെച്ച് ഗംഭീരമായി അരങ്ങേറി. നിങ്ങൾക്ക് അവിടെയുള്ള അന്തരീക്ഷം കാണാൻ കഴിയും, അത് അവിശ്വസനീയമാണ്.” – സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.
ഫുട്ബോളില്‍ ഇന്ത്യക്ക് എന്താണ് ഉള്ളത് എന്ന് ഇതുവരെ തിരിച്ചറിഞ്ഞട്ടില്ലാ എന്നും അതിനെ തിരിച്ചറിഞ്ഞാല്‍ ഇന്ത്യ സ്ഥിരമായി ഏഷ്യന്‍ കപ്പുകള്‍ക്കും ഭാവിയില്‍ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.