നീണ്ട ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നിരിക്കുകയാണ്. ഞായറാഴ്ച ഗോവയിൽ വച്ച് നടക്കുന്ന ഫൈനലിൽ ഹൈദരാബാദിനെതിരെയാണ് കൊമ്പന്മാർ ബൂട്ട് കെട്ടുക.
ആര് കിരീടം നേടിയാലും ഐഎസ് എല്ലിലെ പുതിയ ചാമ്പ്യന്മാർ ആകും അവർ.
കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ ജംഷെദ്പൂരിനെയും, ഹൈദരാബാദ് എടികെ മോഹൻബഗാനെയും തകർത്താണ് ഫൈനൽ പ്രവേശനത്തിനുള്ള യോഗ്യത നേടിയത്.
ഞായറാഴ്ച ഹൈദരാബാദിനെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലിനു മുമ്പ് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പരിക്കുമൂലം സെമിഫൈനൽ രണ്ടാംപാദത്തിൽ ജംഷഡ്പൂർനെതിരെ കളിക്കാൻ സാധിക്കാതിരുന്ന മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിൻ്റെ സേവനം ഫൈനലിലും ഉണ്ടാകില്ല. സെമിഫൈനലിൻ്റെ ആദ്യപാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ നേടിയത് ഈ സൂപ്പർതാരം ആയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റൻറ് കോച്ച് ഇഷ്ഫാഖ് അഹമ്മദാണ് സഹൽ ഫൈനലിൽ ഉണ്ടാകില്ല എന്ന വാർത്ത സ്ഥിരീകരിച്ചത്.
ഹാംസ്ട്രിങ് ഇൻജുറി മൂലമാണ് താരം പുറത്തിരിക്കുന്നത്. താരത്തെ തങ്ങൾ ഒരുപാട് മിസ്സ് ചെയ്യും എന്ന് ഇഷ്‌ഫാക് അഹമ്മദ് പറഞ്ഞു. കോച്ചിൻ്റെ വാക്കുകളിലൂടെ..”ഞങ്ങൾക്ക് തീർച്ചയായും അവനെ മിസ്സ് ചെയ്യും. അവൻ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം മികച്ച ഫോമിലാണ്.”-ഇഷ്ഫാഖ് അഹമദ് പറഞ്ഞു.
സഹലിൻറെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആയിരുന്നു ഇക്കൊല്ലത്തെത്. സെമി ഫൈനൽ ആദ്യപാദത്തിൽ നേടിയ ഗോൾ ഉൾപ്പെടെ ആറു ഗോളുകൾ താരം ഇക്കൊല്ലം നേടിയിട്ടുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന ഈ സൂപ്പർതാരത്തിൻ്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകുമോ എന്ന് കണ്ടറിയാം.