ഇന്നായിരുന്നു പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം. മത്സരത്തിൽ ഘാനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ലോകകപ്പ് വിജയത്തോടെ തുടങ്ങുവാൻ പോർച്ചുഗലിനായി. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.
ഗോൾ നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം. 5 വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 65ാം മിനിറ്റിലെ പെനാൽറ്റിയിലൂടെയാണ് ഈ ചരിത്രനേട്ടം താരം സ്വന്തമാക്കിയത്.
പോർച്ചുഗലിനു വേണ്ടി 2006,2010,2014,2018,2022 എന്നീ വർഷങ്ങളിലാണ് റൊണാൾഡോ വലകുലുക്കിയത്.
റൊണാൾഡോ ഗോൾ നേടിയതോടെ ലയണൽ മെസ്സി, മിറോസ്ലാവ് ക്ലോസെ, ഉവ് സീലർ,പെലെ എന്നിവരുടെ റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോ മറികടന്നത്. ഇന്നത്തെ ഗോൾ നേട്ടത്തോടെ 18 ലോകകപ്പ് മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ താരം നേടി.
പോർച്ചുഗലിനായി റൊണാൾഡോക്ക് പുറമേ ജാവോ ഫെലിക്സ്, ലിയോ എന്നിവർ ഗോൾ നേടി. വിജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ് പോർച്ചുഗൽ.