ലോക കിരീടം നേടിയ അർജൻ്റീന ടീമിനെ സ്വന്തം നാട്ടിൽ വരവേൽക്കാൻ 40 ലക്ഷം ആളുകളാണ് ബ്യൂണസ് അയെഴ്സിൽ തെരുവിൽ അണിനിരന്നത്. ഇപ്പോഴിതാ നായകൻ ലയണൽ മെസ്സിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ. ഒന്നരക്കോടി ജനസംഖ്യ ഉണ്ടായിട്ടും ബാക്കിയുള്ള ആളുകൾ എന്തുകൊണ്ട് മെസ്സിയെ സ്വീകരിക്കാൻ വന്നില്ല എന്നാണ് അദ്ദേഹം ചോദിച്ചത്.
“എന്തുകൊണ്ടാണ് ഒന്നരക്കോടി ജനസംഖ്യയുള്ള ബ്യൂണസ് അയേഴ്സിലെ ബാക്കി ആളുകൾ മെസ്സിയെ സ്വീകരിക്കാൻ പുറത്തിറങ്ങാതിരുന്നത്? ഒരു കോടിയിലധികം ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടർന്നത് മറഡോണയാണ് എക്കാലത്തെ മികച്ച താരമെന്ന് കരുതിയിട്ടാണോ? നേരത്തെയും മെസ്സിയെ ചൊറിഞ്ഞു കൊണ്ട് റൊണാൾഡോയുടെ വിശ്വസ്തനായ മോർഗൻ ചെയ്ത ട്വീറ്റ് വിവാദമായിരുന്നു. ലോകകപ്പ് ഫൈനലിന് മുൻപ് മെസ്സി കരയുന്നത് കാണണം എന്നായിരുന്നു അന്ന് മോർഗൻ ട്വീറ്റ് ചെയ്തത്.
ടെന്നിസ് താരം ആൻഡീ മറെ അർജൻ്റീനയുടെ വിജയത്തിന് പിന്നാലെ പരിഹസിച്ച് ചെയ്ത ട്വീറ്റും വൈറലായിരുന്നു. ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് നീലപ്പട കിരീടം ഉയർത്തിയത്. നീണ്ട 36 വർഷത്തിന്റെ കാത്തിരിപ്പ് ശേഷമാണ് അർജൻ്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ലോകകപ്പ് കിരീടം ലാറ്റിൻ അമേരിക്കൻ വമ്പന്മാർ ഉയർത്തുന്നത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടായിരുന്നു അർജൻ്റീന തുടങ്ങിയത്. എന്നാൽ പിന്നീടുള്ള ഒരു മത്സരത്തിലും മറ്റു ടീമുകൾക്ക് അര്‍ജന്‍റീനയെ തോൽപ്പിക്കാനോ സമനിലയിൽ തളക്കാനും സാധിച്ചില്ല. അർജൻ്റീനയെ മുന്നിൽ നിന്ന് നയിച്ചത് നായകൻ ലയണൽ മെസ്സി തന്നെയായിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമായ ഗോൾഡൻ ബോൾ സ്വന്തമാക്കിയത് മെസ്സി ആണ്.