അര്‍ദ്ധ സെഞ്ചുറിയുമായി സഞ്ചു സാംസണ്‍ പുറത്ത്. തകര്‍ച്ചയില്‍ നിന്നും കേരളം കരകയറി.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ചൂ സാംസണ്‍. രാജസ്ഥാനെതിരെയുള്ള മത്സരത്തിന്‍റെ രണ്ടാം ദിനത്തിലാണ് സഞ്ചു ഫിഫ്റ്റി നേടിയത്. 108 പന്തില്‍ 14 ഫോര്‍ സഹിതം 82 റണ്‍സ് നേടി സഞ്ചു പുറത്തായി. സച്ചിന്‍ ബേബിയുമായി 145 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ സഞ്ചു സൃഷ്ടിച്ചത്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം 48 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലാണ്. 64 റണ്‍സുമായി സച്ചിന്‍ ബേബി ക്രീസിലുണ്ട്. രാജസ്ഥാന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറില്‍ നിന്നും 161 റണ്‍സ് പിന്നിലാണ് കേരളം.

രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 337 റണ്‍സിന് മറുപടിയായി ബാറ്റിംഗിനെത്തിയ കേരളം ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. രാഹുല്‍ (10) രോഹന്‍ പ്രേം (18) ഷോണ്‍ റോജര്‍ (0) എന്നിവരെ നഷ്ടമായതോടെ കേരളം 31 ന് 3 എന്ന നിലയിലായത്. പിന്നീടാണ് സച്ചിന്‍ ബേബിയും – ക്യാപ്റ്റന്‍ സഞ്ചു സാംസണും ചേര്‍ന്ന് കേരളത്തെ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി ഇന്ത്യന്‍ താരം ദീപക് ഹൂഡ സെഞ്ചുറി നേടി. ഹൂഡ 187 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 133 റണ്‍സാണ് എടുത്തത്. കേരളത്തിനായി ജലജ് സക്സേന 28 ഓവറില്‍ 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.