പല വമ്പൻ രാജ്യങ്ങളും വലിയ വലിയ താരപകിട്ടോടെ ലോകകപ്പിന് എത്തുമ്പോൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി അത്തരത്തിലുള്ള ഒന്നുമില്ലാതെയാണ് മെക്സിക്കോ ലോകകപ്പിന് എത്താറുള്ളത്. എതിരാളികൾക്ക് അത്ര എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിക്കാത്ത മെക്സിക്കോ പറയാൻ മാത്രം മികച്ച പ്രകടനമൊന്നും ലോകകപ്പിൽ കാഴ്ചവയ്ക്കാറില്ല. മെക്സിക്കോക്കെതിരെ കളിക്കുമ്പോൾ എതിർ ടീമിന് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്ന താരം ഗോള്‍ബാറിന് കീഴിൽ നിൽക്കുന്ന ഒച്ചാവോ എന്ന മനുഷ്യനാണ്.
ഇതുവരെ ഒരു ടീമിനും ആ മനുഷ്യനെ അത്ര എളുപ്പത്തിൽ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. എത്ര വലിയ ഷോട്ടുകൾ ആണെങ്കിലും അതിന് എത്ര പവർ ഉണ്ടെങ്കിലും പാറ പോലെ ഉറച്ചു നിന്ന് അതെല്ലാം ഒച്ചാവോ നിഷ്പ്രയാസം തട്ടിയകറ്റും. ഈ ഒരൊറ്റ മനുഷ്യൻ എതിർ ടീമിലെ കളിക്കാർക്ക് കാലാകാലങ്ങളായി തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഖത്തർ ലോകകപ്പിലും തന്റെ പതിവ് തെറ്റിക്കാൻ ഒച്ചാവോ തയ്യാറായില്ല. ഇന്നലെയായിരുന്നു ലോകകപ്പിലെ മെക്സിക്കോയുടെ പോളണ്ടുമായുള്ള ആദ്യ പോരാട്ടം. നിഷ്പ്രയാസമാണ് പോളണ്ടിന്റെ ഓരോ മുന്നേറ്റങ്ങളും ഒച്ചാവോ വിഫലമാക്കിയത്.
മത്സരത്തിലെ 57ആം മിനിറ്റിൽ പോളണ്ടിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. പെനാൽറ്റി കിക്ക് എടുക്കാൻ വന്നത് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്ക്കി. ലെവൻഡോസ്ക്കി ആ പന്ത് ഗോളാക്കി മാറ്റി പോളണ്ടിനെ മത്സരത്തിൽ ഒരു ഗോളിന് മുന്നിലാക്കുമെന്ന് ഫുട്ബോൾ ലോകം ഒരു നിമിഷത്തിൽ കരുതിയെങ്കിലും ആ പ്രതീക്ഷകളെല്ലാം ഒച്ചാവോ എന്ന വൻമതിൽ തട്ടിയകറ്റി. പിന്നെയെല്ലാം കഴിഞ്ഞ ലോകകപ്പിൽ ഒച്ചാവോയുടെ ഭാഗത്തു നിന്നും കണ്ട അതേ പ്രകടനം തന്നെയായിരുന്നു എല്ലാ ഫുട്ബോൾ ആരാധകരും ഒന്നു കൂടെ കണ്ടത്. അലയടിച്ചു കൊണ്ടിരുന്ന പോളണ്ട് ആക്രമണ തിരമാലകൾക്ക് മുൻപിൽ ആ 37ക്കാരൻ ഒരു കുലക്കവും ഇല്ലാതെ നിന്നു.
ഒച്ചാവോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നു 2014ലെത്. അമാനുഷികത തോന്നിപ്പിക്കുന്ന തരത്തിൽ അന്ന് കാനറികളുടെ ഫ്രഡും, നെയ്മറും, ഓസ്കാറും അടങ്ങുന്ന വമ്പൻ ആക്രമണ താരങ്ങളുടെ മുന്നേറ്റങ്ങൾ അയാൾ ഒറ്റയാൾ പോരാട്ടത്തിലൂടെ തടുത്തിട്ടു. ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ബ്രസീലിൻ്റെ വലതും ഇടതും പറഞ്ഞിറങ്ങിയ എല്ലാ ആക്രമണങ്ങളുടെയും മുനയൊടിച്ച ഒച്ചാവോയുടെ പ്രകടനം. ഇന്നലെ ഓച്ചവയുടെ വെറുമൊരു തുടക്കം മാത്രമായിരുന്നു. ഒച്ചാവോയുടെ ഈ ലോകകപ്പിലെ അത്ഭുതം പ്രകടനങ്ങൾക്ക് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.