ലോകകപ്പിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ലയണൽ മെസ്സി നയിക്കുന്ന അർജൻ്റീന കിരീടം ഉയർത്തി. മെസ്സി ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി കഴിഞ്ഞു
ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് തർക്കങ്ങൾക്ക് ഇനി പ്രാധാന്യമില്ല. ഏതൊരു കളിക്കാരന്റെ ആരാധകനായാലും മെസ്സിയുടെ കാൽപന്ത് വിസ്മയത്തിന് മുന്നിൽ തലകുനിക്കാതെ നിവർത്തിയില്ല. കാരണം ഇനി മുതൽ ഫുട്ബോളിൽ മെസ്സിക്ക് തുല്യം മെസ്സി മാത്രം. താരത്തിന്റെ കരിയറിൽ ഒരു അന്താരാഷ്ട്ര കിരീടം ഇല്ല എന്നതായിരുന്നു എല്ലാവരുടെയും പ്രശ്നം.
കഴിഞ്ഞവർഷം ബ്രസീലിന് പരാജയപ്പെടുത്തി കോപ്പ അമേരിക്ക നേടിയതോടെ ആ പ്രശ്നം പരിഹരിച്ച താരം ലോക കിരീടം നേടി ഫുട്ബോളിലെ രാജാവ് താൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ക്ലബ് ഫുട്ബോളിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ഇപ്പോൾ തൻ്റെ രാജ്യത്തിന് വേണ്ടിയും എല്ലാ കിരീടവും നേടിയിരിക്കുകയാണ്. 2014ൽ തങ്ങൾക്ക് നഷ്ടമായ ലോക കിരീടം തിരിച്ചുപിടിക്കുവാൻ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു മെസ്സി.
7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് താരം ഈ ലോകകപ്പിൽ അർജൻ്റീനക്ക് വേണ്ടി നേടിയത്. ഇതോടെ ഫുട്ബോളിൽ തനിക്ക് നേടാൻ സാധിക്കുന്ന എല്ലാ കിരീടങ്ങളും നേട്ടങ്ങളും നേടുവാൻ മെസ്സിക്ക് കഴിഞ്ഞു. ഈ ലോകകപ്പിലെ ഓരോ മത്സരങ്ങളിലും മെസ്സി അർജൻ്റീനക്ക് നൽകിയ സംഭാവനകൾ ചെറുതല്ല.