ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിലെ അർജൻ്റീന ഓസ്ട്രേലിയ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ലാറ്റിൻ അമേരിക്കൻ വമ്പന്മാർ ക്വാർട്ടറിലേക്ക് പ്രവേശനം നേടി. അർജൻ്റീനക്ക് വേണ്ടി ലയണൽ മെസ്സി ജൂലിയൻ അൽവാരസ് എന്നിവരാണ് ഗോൾ നേടിയത്.
എപ്പോഴത്തെയും പോലെ ഇന്നലെയും മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ആയിരുന്നു അർജൻ്റീനയുടെ വിജയം. മത്സര ശേഷം വിജയത്തിൽ സന്തോഷം ഉണ്ടെന്ന് മെസ്സി അഭിപ്രായപ്പെട്ടു.”വളരെയധികം പ്രയാസം നിറഞ്ഞ ദിവസമായിരുന്നു ഞങ്ങൾക്ക് ഇന്ന്. വളരെ കുറച്ച് വിശ്രമസമയം മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. നന്നായി റിക്കവർ ഞങ്ങൾ ചെയ്തിട്ടില്ല.
ഈ വിജയത്തിൽ വളരെയധികം സന്തോഷമുണ്ട്. അവസാന നിമിഷത്തിലെ സമ്മർദ്ദം ഒഴിവാക്കുവാൻ വേണ്ടി കൂടുതൽ ഗോളുകൾ നേടണമായിരുന്നു. പക്ഷേ ലോകകപ്പ് ഇങ്ങനെയാണ്. മത്സരം നിയന്ത്രിച്ചത് ഞങ്ങൾ തന്നെയാണ്. ലിസാൻഡ്രോ മാർട്ടിനെസ്സും എമിലിയാനോ മാർട്ടിനെസ്സും രക്ഷിച്ച നിമിഷങ്ങൾ മാറ്റി നിർത്തിയാൽ ഞങ്ങളുടെ ഡിഫൻസ് വേറെ അവസരങ്ങൾ ഒന്നും വഴങ്ങിയിട്ടില്ല.”- മെസ്സി പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിനെതിരെയാണ് അർജൻറീന ഇറങ്ങുന്നത്. ലൂസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ പത്തിന് ആണ് പോരാട്ടം. ഇതിന് മുൻപ് അഞ്ച് തവണയാണ് ഇരുകൂട്ടരും ലോകകപ്പിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അവസാനം നെതർലാൻഡ്സും അർജൻ്റീനയും ലോകകപ്പിൽ നേർക്കുനേർ വന്നത് 2014 ലാണ്. അന്ന് വിജയം അർജൻ്റീനയുടെ കൂടെയായിരുന്നു.