അർജൻ്റീനയും ഫ്രാൻസും തമ്മിലാണ് വേൾഡ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയേയും ഫ്രാൻസ് മൊറോക്കോയെയും പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. കരിയറിലെ ആദ്യ ലോക കിരീടം നേടാൻ മെസ്സി ഇറങ്ങുമ്പോൾ ഫ്രാൻസ് ഇറങ്ങുന്നത് തങ്ങളുടെ കിരീടം നിലനിർത്താനാണ്.
അർജൻ്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി ഈ ലോകകപ്പിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 3 അസിസ്റ്റുകളും അഞ്ച് ഗോളുകളും താരം സ്വന്തമാക്കി കഴിഞ്ഞു. ഈ ലോകകപ്പിലൂടെ നിരവധി റെക്കോർഡുകളും തൻ്റെ പേരിലേക്ക് മാറ്റി കുറിക്കുവാൻ താരത്തിന് സാധിച്ചു. ഇനിയും ചില റെക്കോർഡുകൾ തന്റെ പേരിലേക്ക് മാറ്റുവാൻ തയ്യാറെടുക്കുകയാണ് താരം.
വേൾഡ് കപ്പിൽ 8 അസിസ്റ്റുകൾ ആണ് മെസ്സി ഇതുവരെയും നേടിയിട്ടുള്ളത്. ഈ റെക്കോർഡിൽ മറഡോണ,പെലെ, എന്നിവരുടെ കൂടെയാണ് മെസ്സി ഉള്ളത്. കലാശ പോരാട്ടത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കാൻ കഴിഞ്ഞാൽ മെസ്സിക്ക് ഇവരെയെല്ലാം മറികടക്കാൻ സാധിക്കും. ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് 10 അസിസ്റ്റുകളുമായി ജർമൻ ഇതിഹാസം ഫ്രിഡ്സ് വാൾട്ടർ ആണ്. ഈ റെക്കോർഡ് മെസ്സിക്ക് സ്വന്തമാക്കണമെങ്കിൽ കലാശ പോരാട്ടത്തിൽ മൂന്ന് അസിസ്റ്റുകൾ നേടേണ്ടി വരും.
വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കോൺട്രിബ്യൂഷൻ നടത്തിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മെസ്സി. 8 അസിസ്റ്റുകളും 12 ഗോളുകളുമായി 20 ഗോൾ കോൺട്രിബ്യൂഷനുമായി പെലെ ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. 11 ഗോളുകളും 8 അസിസ്റ്റുകളും ആയി 19 ഗോൾ പങ്കാളിത്തത്തോടെ മെസ്സി രണ്ടാം സ്ഥാനത്താണ്. ഫൈനലിൽ ഫ്രാൻസിനെതിരെ 2 ഗോൾ കോൺട്രിബ്യൂഷൻ നടത്താൻ സാധിച്ചാൽ റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റാം. തന്റെ അവസാന ലോകകപ്പിൽ ഈ കാര്യങ്ങൾക്ക് മെസ്സിക്ക് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.