ഇത്തവണത്തെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം അർജൻ്റീന സ്വന്തമാക്കിയിരുന്നു. മത്സരത്തിനുശേഷം അർജൻ്റീന ഡ്രസ്സിംഗ് റൂമിൽ വിജയാഘോഷം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിജയാഘോഷത്തിന് ഇടയിൽ നടന്ന ഒരു സംഭവമാണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്.
ആഘോഷത്തിന് ഇടയിൽ മെക്സിക്കോ ജെഴ്സി നിലത്തിട്ട് ചവിട്ടുന്ന മെസ്സിയുടെ രംഗമാണ് വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. അർജൻ്റീന പ്രതിരോധ നിര താരം നിക്കോളാസ് ഒട്ടമെനൻ്റിയാണ് ആഘോഷ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോയിൽ നിലത്തിട്ട ജേഴ്സി മെസ്സി ചവിട്ടുന്നത് വ്യക്തമായി കാണാം.
യാഹു സ്പോർട്സ് റിപ്പോർട്ട് ചെയ്ത പ്രകാരം മെക്സിക്കൻ കളിക്കാരനിൽ നിന്നും ലഭിച്ച ജേഴ്സി ആകാം ഇതെന്നാണ് പറയുന്നത്. എന്നാൽ മെസ്സി ചവിട്ടുക അല്ല എന്നും കാലുകൊണ്ട് നീക്കിയതാണെന്നും വാദം ഉയരുന്നുണ്ട്. എന്തായാലും ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രോഷത്തിലാണ് വഴി വച്ചിരിക്കുന്നത്.
ഇപ്പോഴിതാ മെക്സിക്കൻ പ്രമുഖ ബോക്സർ കാനെലോ അൽവാരസ് മെസ്സിയെ വിമർശിച്ചു കൊണ്ട് പങ്കുവെച്ച പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.”ഞങ്ങളുടെ പതാകയും ജഴ്സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാൻ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെ എന്ന് മെസ്സി ദൈവത്തോട് പ്രാർത്ഥിക്കട്ടെ.”ഇതായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്. സംഭവത്തിൽ പ്രതികരണവുമായി മെസ്സിയും അർജൻ്റീനയും ഇതുവരെ രംഗത്തെത്തിയിട്ടില്ല.