ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന ലോക കിരീടം നേടി. മുഴുവൻ സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ നീലപ്പട വിജയം നേടുകയായിരുന്നു. അർജൻ്റീനക്ക് വേണ്ടി ലയണൽ മെസ്സി ഇരട്ട ഗോളുകളും, ഡീ മരിയ ഒരു ഗോളും നേടിയപ്പോൾ ഫ്രാൻസിന് വേണ്ടി യുവതാരം കിലിയൻ എംബാപ്പെ ഹാട്രിക് കരസ്ഥമാക്കി.
മത്സരത്തിൽ ഇറങ്ങിയതോടെ ലയണൽ മെസ്സി മറ്റൊരു റെക്കോർഡ് തന്നെ പേരിലേക്ക് മാറ്റി കുറിച്ചിരിക്കുകയാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയത്. 26 ലോകകപ്പ് മത്സരങ്ങളിലാണ് താരം കളിച്ചത്.
ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ മത്സരത്തിൽ താരം ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ മത്സരം കളിച്ച ജർമ്മനിയുടെ ലോതർ മത്തേവൂസിൻ്റെ റെക്കോർഡിനൊപ്പം താരം എത്തിയിരുന്നു. നായകനായി അർജൻ്റീനക്ക് വേണ്ടി 20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന താരമായും മെസ്സി മാറി.
26 ലോകകപ്പ് മത്സരങ്ങളിൽ നിന്നും 13 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. 8 അസിസ്റ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 1966 മുതൽ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളില്‍ പങ്കാളിയായ താരമായി ലയണല്‍ മെസ്സി മാറി. അർജന്റീനയുടെ ക്യാപ്റ്റൻ ഇത് രണ്ടാം തവണയാണ് ഗോൾഡൻ ബോൾ നേടുന്നത്. 2014ൽ അർജന്റീന ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആയപ്പോഴും ലയണൽ മെസ്സി ആയിരുന്നു ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. രണ്ട് ലോകകപ്പിൽ ഗോൾഡൻ ബോൾ സ്വന്തമാക്കുന്നത് ആദ്യ താരമായി ലയണൽ മെസ്സി ഇതോടെ മാറി.
ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായും മെസ്സി മാറി.