ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയെങ്കിലും ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനക്ക് മുൻപിൽ അടിയറവ് പറയേണ്ടി വന്നു. ലോക കിരീടം നേടിയതിനു ശേഷം നടന്ന വിജയാഘോഷത്തിൽ എംബാപ്പയെ അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അപമാനിച്ചത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
നിരവധി പേരാണ് എമിലിയാനോ മാർട്ടിനസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ഈ വിഷയത്തിൽ ഫ്രഞ്ച് സൂപ്പർ താരമായ എംബാപ്പെ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ താരം തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. എമിലിയാനോയുടെ പ്രവർത്തി താൻ കാര്യമാക്കുന്നില്ല എന്നാണ് സൂപ്പർ താരം പറഞ്ഞത്.
“എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ലാത്ത കാര്യമാണ് സെലിബ്രേഷനുകൾ. എൻ്റെ എനർജി ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോയി പാഴാക്കാൻ ഞാൻ ഒരുക്കമല്ല. എൻ്റെ ക്ലബ്ബിന് വേണ്ടി പരമാവധി നൽകുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങൾക്ക് ഇനിയും കൂടുതൽ ഗോളുകളും കൂടുതൽ വിജയങ്ങളും നേടാൻ ഉണ്ട്.
ഞാൻ മെസ്സിയുമായി മത്സര ശേഷം സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ഞാൻ നേർന്നിരുന്നു. മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ട കാര്യം ശരിയാണ്. പക്ഷേ എപ്പോഴും മികച്ച താരങ്ങളായി നമ്മൾ തുടരേണ്ടതുണ്ട്.”- എംബാപ്പെ പറഞ്ഞു. ലോകകപ്പിന് ശേഷം ഇന്നലെ നടന്ന ആദ്യ ലീഗ് മത്സരത്തിൽ അവസാനനിമിഷം ഗോൾ നേടി പി എസ് ജിയെ വിജയത്തിലേക്ക് നയിച്ചത് ഈ സൂപ്പർ താരമായിരുന്നു.