ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ബാഴ്സലോണക്ക് ദയനീയ പരാജയം. പാരീസ് സെയിന്‍റ് ജര്‍മ്മനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ തോല്‍വി. ഹാട്രിക്കുമായി എംമ്പാപ്പേയാണ് ക്യാംപ്നൗല്‍ നാശം വിതച്ചത്. ലയണല്‍ മെസ്സിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ബാഴ്സലോണക്കെതിരെ ഇരു പകുതികളിലായി നേടിയ ഹാട്രിക്കില്‍ മത്സരം സ്വന്തമാക്കി. കീനാണ് മറ്റൊരു ഗോള്‍ സ്വന്തമാക്കിയത്.
27ാം മിനിറ്റില്‍ ഡിജോങ്ങ് നേടിയെടുത്ത പെനാല്‍റ്റിയില്‍ നിന്നും ലയണല്‍ മെസ്സി ഗോള്‍ നേടി ബാഴ്സലോണയെ മുന്നിലെത്തിച്ചു. എന്നാല്‍ തൊട്ടു പിന്നാലെ മാര്‍ക്കോ വെറാറ്റി, കുര്‍സാവ എന്നിവര്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഭംഗിയായി ഫിനിഷ് ചെയ്ത എംമ്പാപ്പേ സമനില ഗോള്‍ കണ്ടെത്തി.
രണ്ടാം പകുതിയില്‍ എംമ്പാപ്പേയിലൂടെ പിഎസ്ജി മുന്നിലെത്തി. 70ാം മിനിറ്റില്‍ പരദെസിന്‍റെ പാസ്സില്‍ നിന്നും കീന്‍ ലീഡ് ഇരട്ടിയാക്കി. 85ാം മിനിറ്റില്‍ എംമ്പാപ്പേ തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.
രണ്ടാം പാദത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമായിരിക്കും ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് മുന്നേറുക. 2017 ലെ ചാംപ്യന്‍സ് ലീഗില്‍ ആദ്യ പാദം നാലു ഗോളിനു തോറ്റ ബാഴ്സലോണ, രണ്ടാം പാദത്തില്‍ ആറു ഗോളടിച്ചു വിജയിച്ച ചരിത്രമുണ്ട്. എന്നാല്‍ അന്ന് വിജയത്തിനു ചുക്കാന്‍ പിടിച്ച നെയ്മര്‍ ഇന്ന് പിഎസ്ജി നിരയിലാണ്.
Mbappe hits hat trick as PSG defeat Barcelona in Champions League last 16