ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവൻ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മെസ്സി ലോകകപ്പ് നേടിയതോടെ ഭൂരിഭാഗം പേരും പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണെന്നാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ.
മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ ആണെന്നാണ് വാൻ ഗാൽ പറഞ്ഞത്. റൊണാൾഡോ ഒരു ടീം മാൻ ആണെന്നും മെസ്സിക്ക് ചിന്ത വെറും ഗോൾ അടിച്ചു കൂട്ടുന്നതിൽ മാത്രമാണ് എന്നുമാണ് മുൻ ഡച്ച് പരിശീലകൻ പറഞ്ഞത്. അന്താരാഷ്ട്ര കരിയറിൽ ലോകകപ്പ് പോലെയുള്ള നാഴികക്കല്ലുകൾ കൈവരിച്ചതിനു ശേഷം ഗാൽ നടത്തിയ ഈ അഭിപ്രായങ്ങൾ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.
ഒരു അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി നൽകിയത്. മാധ്യമ പ്രവർത്തകന്റെ ചോദ്യം ഇങ്ങനെയായിരുന്നു.”പിന്നെ വലിയ ചോദ്യം, റൊണാൾഡോയോ മെസ്സിയോ? അതിന് അദ്ദേഹം നൽകിയ മറുപടി വായിക്കാം.”മെസ്സിയും റൊണാൾഡോയും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവർക്കിടയിൽ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്.
റൊണാൾഡോക്ക് കിരീടത്തിൽ മെസ്സിയെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ട്. കൂടുതൽ വ്യക്തിഗത അവാർഡുകൾ മെസ്സിക്കുണ്ട്. എന്നാൽ ഒരു ടീം പ്ലെയറാണ് റൊണാൾഡോ. അതിനാൽ എൻ്റെ ഇഷ്ട താരം റൊണാൾഡോയാണ്. ഒരു വ്യക്തിഗത കളിക്കാരനെക്കാൾ ഒരു ടീം പരിശീലകനാണ് ഞാൻ. മികച്ച ഫുട്ബോൾ കളിക്കാരനായിരിക്കാം മെസ്സി. പക്ഷേ ഒരു ടീമായി നിങ്ങൾ നോക്കണം. അങ്ങനെ നോക്കിയാൽ റൊണാൾഡോയാണ് മികച്ചവൻ.”- വാൻ ഗാൽ പറഞ്ഞു.