ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ജംഷദ്പൂരിനെ കീഴടക്കി എട്ടാം അപരാജിത മത്സരവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളാണ് കേരളത്തിന്‍റെ വിജയം. മത്സരത്തിലുടനീളം ലോകോത്തര പാസ്സിങ്ങ് ഗെയിമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.
ആദ്യ അഞ്ച് മിനിറ്റുകള്‍ക്കിടെ 2 ഗോള്‍ ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ച ശ്രമം പ്രതിരോധ താരത്തിന്റെ കാലില്‍തട്ടി പുറത്ത്. അഡ്രിയാന്‍ ലൂണയുടെ ശ്രമവും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.
ദിമിത്രിയോസ് ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയപ്പോള്‍ ജിയാനു ബോക്‌സിലേക്ക് ഓടിക്കയറി. ദിമിത്രിയോസിന്റെ നിലംപറ്റെയുള്ള ക്രോസ് ജിയാനു പോസ്റ്റിലേക്ക് തട്ടിയിട്ടു
8 മിനിറ്റിനു ശേഷം ജംഷദ്പൂര്‍ സമനില കണ്ടെത്തി. റാഫേല്‍ ക്രിവെല്ലാരോയുടെ ത്രൂ ബാള്‍ ഇഷാന്‍ പണ്ഡിതയ്ക്ക്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ക്ലിയര്‍ ചെയ്യാന്‍ ഓടിക്കയറി. ഗില്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ചുക്വുവിന്റെ കാലിലാണ് പന്ത് കിട്ടിയത്. ഗോളിയില്ലാ പോസ്റ്റിലേക്ക് മനോഹരമായി ചിപ് ചെയ്ത താരം സമനില ഗോളാക്കി.
31-ാം മിനിറ്റില്‍ ബോക്സില്‍ ഹാന്‍ഡ് ബോള്‍ അയതിനെ തുടര്‍ന്ന് കേരളത്തിനു അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. സ്‌കോര്‍ 2-1.
65ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോള്‍ പിറന്നത്. വണ്‍ ടച്ച് പാസ്സുമായി മുന്നേറിയ കേരളം ലോകോത്തര ഗോളാണ് നേടിയത്. രാഹുലും ദിമിത്രിയോസും ജിയാന്നുവും ലൂണയും ചേര്‍ന്ന് നടത്തിയ വണ്‍ ടച്ച് പാസ്സിലൂടെ അഡ്രിയാന്‍ ലൂണ ഫിനിഷ് ചെയ്യുകയായിരുന്നു.
നിഹാലിനെ ഇറക്കി ആക്രമണം ശക്തമാക്കിയും മികച്ച പ്രതിരോധം തീര്‍ത്തും കേരളം വിജയം നേടി.
വിജയത്തോടെ കേരളം 12 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുമായി മൂന്നാമതാണ്. കേരളത്തിന്‍റെ അടുത്ത മത്സരം മുംബൈക്കെതിരെയാണ്.