കളിയാക്കിയ എല്ലാവർക്കും മുമ്പിൽ അതിൽ തല ഉയർത്തി കൊണ്ടായിരുന്നു കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. ഫൈനലിൽ ഹൈദരാബാദി നോട് തോറ്റു രണ്ടാംസ്ഥാനക്കാരായിട്ടായിരുന്നു കൊമ്പന്മാർ മടങ്ങിയത്. ടീമിനുവേണ്ടി ജീവൻ തന്നെ നൽകാൻ തയ്യാറായിരുന്ന ഒരുപിടി മികച്ച താരങ്ങൾ ആയിരുന്നു കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുതൽകൂട്ട്.
അതിൽ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കളിക്കാരനായിരുന്നു അർജൻ്റീനക്കാരനായ ജോർജേ പെരേര ഡയസ്. കഴിഞ്ഞവർഷം ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാൽ ഇപ്പോൾ താരത്തെ ഇത്തവണയും ടീമിൽ എത്തിക്കുവാൻ സാധിക്കുമോ എന്ന് ആശങ്കയിലാണ് ബ്ലാസ്റ്റേഴ്സ്.
അർജൻ്റീനൻ ക്ലബ്ബായ പ്ലേറ്റൻസിനൊപ്പം ഈ വർഷാവസാനം വരെ താരത്തിന് കരാർ ബാക്കി നിൽക്കുകയാണ്. ബ്ലാസ്റ്റേഴ്സിലേക്ക് അദ്ദേഹത്തിന് മടങ്ങി വരാൻ താൽപര്യം ഉണ്ടെങ്കിലും കരാർ ഉള്ളതിനാൽ അത് സാധിക്കുമോ എന്നത് ഉറപ്പില്ല. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവും സമാധാനവും സമ്മാനിക്കുന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
പ്ലേറ്റൻസ് മുന്നേറ്റ താരമായ മൗറോ സരാട്ടയെ സ്വന്തമാക്കി എന്നും കഴിഞ്ഞ മത്സരത്തിൽ സരാട്ടെ ഗോളടിച്ചെന്നും,അദ്ദേഹം മികച്ച ഫോമിൽ ആയതിനാൽ ക്ലബ് പെരേര ഡയസിനെ വിടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ ഡയസ് ക്ലബ് വിട്ടാലും ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തെ സ്വന്തമാക്കുന്നത് അത്ര എളുപ്പമാകില്ല. മറ്റു ക്ലബ്ബുകളിൽ നിന്നും മികച്ച ഓഫറുകൾ അദ്ദേഹത്തിന് ഉള്ളതിനാൽ എന്താണ് സംഭവിക്കാൻ പോവുക എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും. കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.