ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-ബാംഗ്ലൂർ എഫ്സി പോരാട്ടം. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി സീസണിലെ തുടർച്ചയായ അഞ്ചാമത്തെ വിജയം ബ്ലാസ്റ്റേഴ്സ് നേടി. പണ്ടു മുതലേ ആരാധകരുടെ പോർവിളികൾ നിറഞ്ഞ പോരാട്ടമാണ് ബാംഗ്ലൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ളത്.
ഇത്തവണയും അതിന് മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. കഴിഞ്ഞതവണ വരെ ആരാധകരും ടീം അംഗങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇത്തവണ സംഘാടകർ കൂടി ഗോദയിൽ എത്തിയതാണ് പ്രത്യേകത. ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഒരു ചിത്രമാണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചത്.
ഒരു കാരിക്കേചർ ചിത്രമായിരുന്നു പങ്കുവെച്ചത്. ഒരു ബോക്സിങ് റിങ്ങിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ താരം സന്ദേശ് ജിങ്കനെ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഇടിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. ചിത്രത്തെ എതിർത്തുകൊണ്ട് ബാംഗ്ലൂരു ആരാധകർ അടക്കം രംഗത്ത് വന്നു.
സംഗതി വഷളായതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്നും ഡിലീറ്റ് ചെയ്തു. അതേസമയം ബാംഗ്ലൂരിനെ ട്രോളി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവെച്ചു. ബിരിയാണി തിന്നുന്ന ഒരു സിനിമയിലെ രംഗമാണ് പങ്കുവെച്ചത്. കുറച്ച് കാലങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ ഹോം മത്സരം വന്നപ്പോൾ ഗ്യാലറി നിറക്കാൻ ആളുകൾക്ക് ബാംഗ്ലൂർ എഫ്സി ആരാധകർ ബിരിയാണി ഓഫർ ചെയ്തിരുന്നു. അതിനെ ട്രോളിയാണ് ആ വീഡിയോ പങ്കുവെച്ചത്.