കോപ്പാ അമേരിക്കാ ടൂര്‍ണമെന്‍റ് സെമിഫൈനലില്‍ കൊളംമ്പിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ് രക്ഷകനായപ്പോള്‍ 3-2 നായി അര്‍ജന്‍റീനയുടെ വിജയം.
കൊളംമ്പിയന്‍ താരങ്ങളുടെ മൂന്നു ഷോട്ടുകളാണ് മാര്‍ട്ടിനെസ് തടഞ്ഞിട്ടത്. അര്‍ജന്‍റീനക്കായി ലയണല്‍ മെസ്സി, പാരദേസ്, ലൗതാറോ മാര്‍ട്ടിനെസ് എന്നിവരാണ് സ്കോര്‍ ചെയ്തത്. ഡീപോളിന്‍റെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ. കൊളംബിയക്ക് വേണ്ടി ക്വഡാർഡോ, മിഗെൽ ബോർഹ എന്നിവർക്ക് മാത്രമാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാനായത്.
നേരത്തെ മത്സരത്തിന്‍റെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലൗതാറോ മാര്‍ട്ടിനെസ് അര്‍ജന്‍റീനക്കായി ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയില്‍ ആക്രമിച്ച കളിച്ച കൊളംമ്പിയ ഡയസിലൂടെ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.
കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. 2016 നു ശേഷമാണ് അര്‍ജന്‍റീന കോപ്പാ അമേരിക്കാ ഫൈനലില്‍ എത്തുന്നത്.