പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. ഇറ്റലി യൂറോ കപ്പ് ഫൈനലില്‍

2020 യൂറോകപ്പിന്‍റെ ആദ്യ സെമിഫൈനലില്‍ സ്പെയിനെ വീഴ്ത്തി ഇറ്റലി ഫൈനലിലെത്തി. കളിയുടെ അധികസമയവും സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രണ്ടിനെതിരെ നാലു ഗോളുകളാണ് ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നേടിയത്.

ഒല്‍മോ, മൊറാട്ട എന്നിവര്‍ സ്പെയിനിന്‍റെ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ ജൊര്‍ജ്ജീനോ നിര്‍ണായക കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. നേരത്തെ ഫെഡറിക്കോ കിയേസയുടെ 60–ാം മിനിറ്റിലെ ഗോളിൽ ഇറ്റലി മുന്നിലെത്തിയെങ്കിലും 80–ാം മിനിറ്റിൽ മൊറാത്തയിലൂടെ തിരിച്ചടിച്ചാണ് സ്പെയിൻ കളി ഷൂട്ടൗട്ട് വരെയെത്തിച്ചത്.

ഇംഗ്ലണ്ട് – ഡെന്‍മാര്‍ക്ക് മത്സരത്തിലെ വിജയിയെ ഇറ്റലി വെംമ്പ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. 2006 ലോകകപ്പിനു ശേഷം ഒരു കിരീടം എന്ന ഇറ്റലിയുടെ സ്വപ്നങ്ങള്‍ക്ക് ഒരു പടി കൂടി അടുത്തു.

മത്സരത്തിന്‍റെ തുടക്കത്തില്‍ ആക്രമണത്തോടെ ഇറ്റലി തുടങ്ങിയെങ്കിലും പന്ത് കൈവശം വച്ച് സ്പെയിന്‍ മത്സരം നിയന്ത്രണത്തിലാക്കി. രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഇറ്റലി സ്കോര്‍ ചെയ്തത്. സ്പെയിനിന്‍റെ ക്രോസ് പിടിച്ചെടുത്ത ഇറ്റലി ഗോള്‍കീപ്പര്‍ ഡൊണറുമ്മ കൗണ്ടര്‍ അറ്റാക്കിനു തുടക്കമിട്ടു. സ്പെയിന്‍ താരം ലപ്പോര്‍ട്ടെ കൗണ്ടര്‍ അറ്റാക്ക് ടാക്കിളിലൂടെ തടയാന്‍ ശ്രമിച്ചെങ്കിലും ബോള്‍ വീണ്ടും കിയേസയുടെ കാലുകളില്‍ എത്തി. കീയേസയുടേ ഷോട്ട് സ്പെയിന്‍ ഗോള്‍കീപ്പറെ മറികടന്നു.

morata

സമനില ഗോള്‍ കണ്ടെത്താന്‍ അല്‍വാരോ മൊറാട്ടയെ ഇറക്കിയെത് ഫലം കണ്ടു. ഒല്‍മൊയുമൊത്ത് വണ്‍ ടച്ച് കളിച്ച് 80ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി മത്സരം അധികസമയത്തേക്ക് നീളുകയായിരിന്നു.