ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ മറികടന്നു ക്രൊയേഷ്യ സെമിയില്‍ എത്തി. റെഗുലര്‍ ടൈമിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമില്‍ കടന്നു. എക്സ്ട്രാ ടൈമില്‍ നെയ്മറുടെ മനോഹര ഗോളില്‍ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം ക്രൊയേഷ്യ സമനില കണ്ടെത്തി. പെനാല്‍റ്റിയില്‍ നാലിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ തോല്‍വി
സൗത്ത് കൊറിയയെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് എത്തിയ ബ്രസീലിനെ ആദ്യ പകുതിയില്‍ തളക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോളടിക്കാനായില്ലാ. 12ാം മിനിറ്റില്‍ ക്രോയേഷ്യയെ മുന്നിലെത്തിക്കാനായി ഇവാന്‍ പെരിസിച്ചിനു അവസരം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം കാണാനായില്ലാ.
നെയ്മറും വിനീഷ്യസും ചേര്‍ന്ന് ചില നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഉറച്ചു നിന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ നെയ്മറിനു ബോക്സിനു തൊട്ടു പുറത്ത് നിന്നെടുത്ത ഫ്രീകിക്കും ഭീഷണി ഉയര്‍ത്താനായില്ലാ.
രണ്ടാം പകുതിയില്‍ തുടരെ തുടരെയുള്ള ബ്രസീല്‍ ആക്രമണം കണ്ടുകൊണ്ടാണ് തുടങ്ങിയത്. വിനീഷ്യസിന്‍റെയും നെയ്മറുടേയും, പക്വേറ്റയുടേയും, റോഡ്രിഗോയുടേയും ഒന്നാന്തരം ഷോട്ടുകള്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമനിക്ക് ലിവാകോവിച്ച് രക്ഷപ്പെടുത്തി.
4 മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമില്‍ ഇരു ടീമിനും ഗോളടിക്കാന്‍ കഴിയാഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിലും സ്ഥിതിക്ക് മാറ്റമുണ്ടായിരുന്നില്ലാ. ബ്രസീല്‍ ആക്രമണത്തെ ക്രൊയേഷ്യ ചെറുത്ത് നിന്നു. അതിനിടെ ക്രൊയേഷ്യക്ക് ലഭിച്ച സുവര്‍ണാവസരം ബ്രോസോവിച്ച് പുറത്തേക്കടിച്ചു കളഞ്ഞു.
എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയുടെ അവസാനം നെയ്മറിന്‍റെ ഗോള്‍ വന്നു. മധ്യത്തില്‍ നിന്നും വണ്‍ ടച്ച് പാസ് നല്‍കി എത്തിയ നെയ്മറിനു പെഡ്രോ ബോള്‍ മറിച്ച് നല്‍കി,അതുവരെ ഗോള്‍ വല സൂക്ഷിച്ച ലിവാകോവിച്ചിനെയും ഡ്രിബിള്‍ ചെയ്താണ് നെയ്മറുടെ ഗോള്‍ പിറന്നത്.
സമനില ഗോള്‍ നേടണം എന്ന് ആയതോടെ ക്രൊയേഷ്യ ആക്രമിച്ചു കളിച്ചു. അതിനുള്ള ഫലവും ക്രൊയേഷ്യക്ക് ലഭിച്ചത്. 117ാം മിനിറ്റില്‍ പെറ്റ്കോവിച്ചിന്‍റെ ബുള്ളറ്റ് ഷൂട്ട് അലിസണെ കീഴ്പ്പെടുത്തി. ക്രൊയേഷ്യ മത്സരത്തില്‍ നടത്തിയ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു ഇത്. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് എത്തി.
രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.