അവന് ചുവപ്പ് പരവതാനി വിരിക്കില്ല, ഞങ്ങൾ അവനെ തടയും; എംബാപ്പയെ വെല്ലുവിളിച്ച് വാക്കർ

ഇത്തവണത്തെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഏറ്റവും ആവേശകരമായ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും ആയിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഇപ്പോളിതാ മത്സരത്തിന് മുൻപായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പയെ വെല്ലുവിളിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പ്രതിരോധനിര താരം. സൂപ്പർതാരം കൈൽ വാക്കറാണ് താരത്തെ വെല്ലുവിളിച്ചിരിക്കുന്നത്.

മത്സരത്തിന് മുൻപായുള്ള വാർത്ത സമ്മേളനത്തിനിടയിലാണ് വാക്കർ വെല്ലുവിളിച്ചത്. എംബാപ്പെ മികച്ച താരം ആണെന്നും അതിൽ യാതൊരുവിധ സംശയവും ഇല്ല എന്നും എന്നാൽ തങ്ങൾ കളിക്കുന്നത് ടെന്നിസ് അല്ല എന്നുമാണ് മാഞ്ചസ്റ്റർ സിറ്റി താരം പറഞ്ഞത്. മത്സരം ഇംഗ്ലണ്ടും എംബാപ്പെയും തമ്മിൽ അല്ല എന്നും മറിച്ച് ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ആണെന്നും താരം പറഞ്ഞു.

images 2022 12 09T175530.092

“അവൻ മികച്ച കളിക്കാരൻ ആണെന്ന് എനിക്ക് അറിയാം. പക്ഷേ ഞങ്ങൾ ടെന്നീസ് അല്ല കളിക്കുന്നത്. ഇത് ഒരു ടീം ഗെയിമാണ്, അല്ലാതെ വ്യക്തിഗത മത്സരം അല്ല. ഇത്തരം ചോദ്യങ്ങൾ ശ്രദ്ധാകേന്ദ്രമാകുന്നത് അദ്ദേഹം മഹാനായ കളിക്കാരൻ ആയതുകൊണ്ടാണ്. അദ്ദേഹത്തിന് ചുവപ്പ് പരവതാനി ഞങ്ങൾ വിരിക്കില്ല. പക്ഷേ അർഹമായ ബഹുമാനം നൽകും. അദ്ദേഹത്തെ ഞങ്ങൾ തടയും.”- വാക്കർ പറഞ്ഞു.

images 2022 12 09T175519.905

ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ അഞ്ച് ഗോളുകളുമായി ഫ്രഞ്ച് സൂപ്പർ താരമാണ് ഒന്നാമത്. രണ്ട് അസിസ്റ്റുകളും സൂപ്പർ താരത്തിന്റെ പേരിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലെ ഗോളുകൾ കൂടെ കൂട്ടിയാൽ 11 മത്സരങ്ങളിൽ നിന്നും താരം ഇതുവരെ ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്.