ഇത്തവണ വലിയ കിരീട പ്രതീക്ഷകളുമായിട്ടായിരുന്നു അർജൻ്റീന ലോകകപ്പിന് എത്തിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജൻ്റീന പരാജയപ്പെട്ടു. ഇതോടെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജൻ്റീന പുറത്താകുമോ എന്ന ആശങ്കയിലാണ് ആരാധകർ. എല്ലാ ആരാധകരും മനസ്സിൽ കരുതിയിരുന്നത് സൗദി അറേബ്യക്കെതിരെ അർജൻ്റീന “പുഷ്പം” പോലെ ജയിക്കും എന്നായിരുന്നു. എന്നാൽ ആ പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടായിരുന്നു ലോക ചാമ്പ്യന്മാർക്കെതിരെ സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇനി അർജൻ്റീനക്ക് അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ആ രണ്ട് ടീമുകളും അട്ടിമറിക്കാൻ കഴിവുള്ളവരാണ്. വളരെയധികം അപകടകാരികളായ പോളണ്ടും മെക്സിക്കോയും ആണ് അർജൻ്റീനയുടെ അടുത്ത ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരങ്ങളിലെ എതിരാളികൾ. ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്ക് മാത്രമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. മുൻ ലോക ചാമ്പ്യന്മാരുടെ നോകൗട്ട് സാധ്യതകൾ എങ്ങനെയാണെന്ന് നോക്കാം. 26ന് മെക്സിക്കോക്കെതിരെയും 30ന് പോളണ്ടിനെതിരെയും നടക്കുന്ന മത്സരങ്ങൾ അർജൻ്റീനക്ക് അതി നിർണായകമാണ്. ഈ രണ്ടു മത്സരങ്ങളും അർജൻ്റീനക്ക് ജയിച്ചേ തീരൂ.
ആ രണ്ട് മത്സരങ്ങൾ വിജയിച്ച് 6 പോയിന്റുകൾ നേടിയാലും അർജൻ്റീനക്ക് പ്രീക്വാർട്ടറിൽ എത്താം എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. കാരണം ആ ഗ്രൂപ്പിലെ മറ്റ് മൂന്നു ടീമുകൾക്കും 6 പോയിൻ്റുകൾ നേടാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെ വന്നാൽ ഗോൾ വ്യത്യാസത്തിൽ ആയിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ തീരുമാനിക്കുക. മാത്രമല്ല ഒരു ടീം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഇനി അടുത്ത രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ അർജൻ്റീനയുടെ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാകും. ഒരു ജയവും ഒരു സമനിലയും നേടി 4 പോയിൻ്റ് കരസ്ഥമാക്കിയാൽ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ പോയിൻ്റ് അനുസരിച്ചിരിക്കും അർജൻ്റീനയുടെ ഭാവി. ഇനി രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നാൽ നിലവിലെ ചാമ്പ്യന്മാരെ ആയിരിക്കും അർജൻ്റീന നേരിടുക.
അങ്ങനെയാണെങ്കിൽ കഴിഞ്ഞതവണത്തെ ലോകകപ്പിന്റെ കണക്ക് വീട്ടുവാൻ അർജൻ്റീനക്ക് മികച്ച അവസരമാകും. കഴിഞ്ഞ ലോകകപ്പ് പ്രീക്വാർട്ടറിൽ 3 നെതിരെ 4 ഗോളുകൾക്കായിരുന്നു ഫ്രാൻസ് അർജൻ്റീനയെ പരാജയപ്പെടുത്തിയത്. മാത്രമല്ല ബ്രസീൽ അർജൻ്റീന സ്വപ്ന ഫൈനലിലേക്ക് അത് വലിയ ഒരു സാധ്യതയുമാകും. ബ്രസീൽ എല്ലാം മത്സരങ്ങളും വിജയിച്ച് ഫൈനലിൽ എത്തിയാൽ അർജൻ്റീനയുമായി ഫൈനലിൽ ഏറ്റുമുട്ടാം.
അതേ സമയം ഇനി ഒരു തോൽവി കൂടി ഏറ്റുവാങ്ങിയാൽ അത് ലോകകപ്പിൽ നിന്നും മെസ്സിയെയും കൂട്ടരേയും പുറത്താക്കും. പോളണ്ട്,മെക്സിക്കോ എന്നിവർ ഓരോ പോയിന്റ് വീതം നേടിയതിനാൽ അടുത്ത ഏതെങ്കിലും മത്സരത്തിൽ വിജയിച്ചാൽ അവർക്ക് നാല് പോയിൻ്റ് ആകും. അതോടെ അർജൻ്റീനയുടെ ലോകകപ്പിൽ നിന്നുമുള്ള പുറത്താകൽ എളുപ്പമാകും.