കേരള ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലിൽ അരങ്ങേറി ഇന്ത്യൻ ദേശീയ ടീമിൻറെ നെടുംതൂണായി മാറിയ കളിക്കാരനാണ് സന്ദേശ് ജിങ്കൻ. പ്രഥമ ഐഎസ്എൽ സീസണിലേ എമേർജിങ് പ്ലെയർ അവാർഡ് കരസ്ഥമാക്കിയത് ജിങ്കൻ ആയിരുന്നു. 2014 ലും 2016 ലും കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിക്കുമ്പോൾ ജിങ്കനും ടീമിൻറെ കൂടെ ഉണ്ടായിരുന്നു. പിന്നീട് 2017-2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്യാപ്റ്റനായി താരം കളത്തിൽ ഇറങ്ങി.
പിന്നീട് പരിക്കുമൂലം കേരള ബ്ലാസ്റ്റേഴ്സ് വിട്ട് താരം അഞ്ചു വർഷത്തെ കരാറിൽ എടികെ മോഹൻബഗാനിൽ എത്തുകയായിരുന്നു. എ ടി കെ മോഹൻ ബഗാനിൽ നിന്നും ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ. ക്കെ സിബനികിലേക്ക് ചേക്കേറി യെങ്കിലും പരിക്കുമൂലം താരം തിരിച്ച് ഈ സീസണിൽ എടികെ മോഹൻബഗാനിൽ എത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സന്ദേശ് ജിങ്കൻ ആകെ വെട്ടിലായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരശേഷം താരം നടത്തിയ വിവാദ പരാമർശം ആണ് ജിങ്കനെ വെട്ടിലാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവസാനനിമിഷം ആയിരുന്നു എ ടി കെ മോഹൻ ബഗാൻ സമനില ഗോൾ നേടിയത്. മത്സരശേഷം തങ്ങൾ സ്ത്രീകൾക്കെതിരെ ആണ് മത്സരിച്ചത് എന്നാണ് ജിങ്കൻ പറഞ്ഞത്. താരം പറയുന്നതിനെൻ്റെ വീഡിയോ എടികെ മോഹൻബഗാനിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും തന്നെയാണ് ആദ്യം പുറത്തുവന്നത്. പിന്നീട് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ഇത് വൈറൽ ആവുകയും എ ടി കെ മോഹൻ ബഗാൻ വീഡിയോ പിൻവലിക്കുകയും ചെയ്തു. ജിങ്കൻ എൻറെ ഈ പരാമർശത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നു വന്നത്.
സംഗതി കൈവിട്ടതോടെ സന്ദേശ് ജിങ്കൻ സോഷ്യൽ മീഡിയയിൽ വന്ന് എല്ലാവരോടും മാപ്പ് പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഈ സംഭവത്തിൽ സന്ദേശ് ജിങ്കനെതിരെ ശക്തമായ താക്കീത് മാത്രമാണ് എ.ഐ.എഫ്.എഫ് അച്ചടക്കസമിതി നൽകിയത്. പരസ്യമായി മാപ്പ് പറഞ്ഞത് കണക്കിലെടുത്ത് കൂടിയാണ് ഇത്തവണ ശിക്ഷയിൽനിന്ന് ഒഴിവാക്കിയതെന്നും കുറ്റം ആവർത്തിച്ചാൽ താരത്തിനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും എ.ഐ.എഫ്.എഫ് അച്ചടക്കസമിതി അറിയിച്ചു.