തൻ്റെ കരിയറിൽ ഏറെ ആഗ്രഹിച്ചിരുന്ന ലോക കിരീടം നേടി അതിനു പിന്നാലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും നേടി ലോകത്തിൻ്റെ നെറുകയിൽ നിൽക്കുകയാണ് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസമായിരുന്നു ഫ്രഞ്ച് സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും, കരീം ബെൻസിമയെയും പിന്തള്ളി മെസ്സി മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മെസ്സിയുടെ കരിയറിലെ അല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു ഖത്തർ ലോകകപ്പ് വിജയം.
ഇപ്പോഴിതാ തൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ലോകകിരീടം നേടുവാൻ തന്നെ സഹായിച്ച സഹതാരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഒരു സമ്മാനം നൽകിയിരിക്കുകയാണ് മെസ്സി. ചെറിയ സമ്മാനം ഒന്നുമല്ല തൻ്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുവാൻ തന്നെ സഹായിച്ച ആളുകൾക്ക് മെസ്സി നൽകുന്നത്. സ്വർണ്ണം കൊണ്ടുള്ള ഐഫോണുകൾ ആണ് താരം സമ്മാനമായി നൽകുവാൻ ഒരുങ്ങുന്നത്.
സമ്മാനം നൽകുവാൻ വേണ്ടി 35 ഐഫോണുകൾ സ്വർണത്തിൽ പൊതിഞ്ഞത് മെസ്സി വാങ്ങിയതായി റിപ്പോർട്ട് ചെയ്യുന്നു. ദ സൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 ക്യാരറ്റ് വരുന്ന 35 ഐഫോണുകൾക്ക് 175,000 പൗണ്ട് ആണ് വില വരുന്നത്. ഏകദേശം ഇന്ത്യൻ വില 1.73 കോടി വരും. വെറും സ്വർണ്ണത്തിൽ പൊതിയുക മാത്രമല്ല, അതിൽ വേറെ ഒരു കാര്യവും മെസ്സി ചെയ്തിട്ടുണ്ട്.ഓരോ ഫോണിന്റെയും പുറകിലും ഓരോ കളിക്കാരന്റെ പേരും ജെഴ്സി നമ്പറും അർജൻ്റീനയുടെ ലോഗോയും മെസ്സി പതിപ്പിച്ചിട്ടുണ്ട്. പാരീസിൽ മെസ്സിയുടെ താമസസ്ഥലത്ത് ശനിയാഴ്ച ഇവ എത്തിച്ചിട്ടുണ്ട്.
മെസ്സിക്ക് വേണ്ടി സ്വർണ ഐഫോണുകൾ ഡിസൈൻ ചെയ്തത് “ഐ ഡിസൈൻ ഗോൾഡ്” എന്ന സ്ഥാപനമാണ്. ലോകകപ്പ് വിജയത്തിന് ശേഷം മെസ്സി തങ്ങളുമായി ബന്ധപ്പെട്ടു എന്നും തന്റെ സഹതാരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും എന്തെങ്കിലും സമ്മാനം നൽകണമെന്ന് മെസ്സി ആവശ്യപ്പെട്ടു എന്നും, സാധാരണ എല്ലാവരും നൽകുന്ന വാച്ച് നൽകാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും പ്രത്യേക സമ്മാനം നൽകാൻ താൻ ആഗ്രഹിക്കുന്നതായും മെസ്സി അറിയിച്ചതായും ഐ ഡിസൈൻ ഗോൾഡ് സി. ഇ.ഓ ബെൻ ലയൺസ് പറഞ്ഞു. തുടർന്ന് ഓരോ സ്വർണ്ണ ഐഫോണുകളിലും അവരുടെ പേരുകൾ ആലേഖനം ചെയ്ത് നൽകാമെന്ന് താൻ നിർദ്ദേശിച്ചു എന്നും മെസ്സിക്ക് ആശയം ഇഷ്ടമായി എന്നും ബെൻ ലയൺസ് വെളിപ്പെടുത്തി..