ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം ഏറെ ആവേശകരമായി മുൻപോട്ട് പോകുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം സന്തോഷം നൽകുന്ന ഒരുപിടി വാർത്തകളും നേട്ടങ്ങളുമാണ് ഏകദിന, ടി :20 പരമ്പരകൾ സമ്മാനിക്കുന്നത്. യുവതാരങ്ങൾക്കും പുതുമുഖ ക്രിക്കറ്റ് താരങ്ങൾക്കും അവസരം നൽകി ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും രണ്ട് താരങ്ങളാണ് ഇന്നലെ നടന്ന ടി :20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. ഓപ്പണർ പൃഥ്വി ഷാ ആദ്യ പന്തിൽ തന്നെ പുറത്തായി നിരാശ സമ്മാനിച്ചപ്പോൾ മറ്റൊരു അരങ്ങേറ്റ താരമായ വരുൺ ചക്രവർത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചാണ് കയ്യടി നേടുന്നത്.
എന്നാൽ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത സ്പിന്നറായ വരുൺ ചക്രവർത്തിയെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. മത്സരത്തിൽ നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റും വീഴ്ത്തി. വരുൺ ചക്രവർത്തിയുടെ ബൗളിങ്ങിനെ ഏറെ പ്രശംസിക്കുകയാണ് ടീമിലെ സീനിയർ സ്പിന്നറായ യൂസ്വേന്ദ്ര ചാഹൽ. താൻ മത്സരത്തിന് മുൻപായി അരങ്ങേറ്റ താരം ചക്രവർത്തിക്ക് നൽകിയ ഉപദേശവും ചാഹൽ വിശദമാക്കി. ഇന്ത്യൻ ടീമിലെ പ്രതിഭാ ധാരാളിത്തത്തെ കുറിച്ചും താരം വാചാലനായി.
“മത്സരത്തിന് മുൻപായി വരുണിനോട് ചില വാക്കുകൾ സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എനിക്ക് അറിയാം ആദ്യ മത്സരത്തിന് എത്തുമ്പോൾ നമുക്ക് അനുഭവപെടുന്ന സമ്മർദ്ദം എന്താണെന്ന്. ഞാൻ അവനോട് കരിയറിൽ ഇതുവരെ എന്താണോ ചെയ്തത് അത് മാത്രമാണ് ഇനിയും ചെയ്യുവാനായി ആവശ്യപെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായി ഒരു സമ്മർദ്ദവും വേണ്ടെന്നുള്ള കാര്യം ഞാൻ അവനോട് പറഞ്ഞിരുന്നു “ചാഹൽ തന്റെ അഭിപ്രായം വിശദമാക്കി.
നിലവിൽ ഇന്ത്യൻ ടീമിനോപ്പം മികച്ച 30 താരങ്ങളുണ്ട് എന്ന് പറഞ്ഞ ചാഹൽ എല്ലാ താരങ്ങളും ടീമിനായി മികച്ച ഓരോ പ്രകടനങ്ങളാണ് കാഴ്ചവെക്കേണ്ടത് എന്നും വ്യക്തമാക്കി “ആരാണോ മികച്ച പ്രകടനം പുറത്തെടുക്കുക അവർ ടീം പ്ലെയിങ് ഇലവനിൽ തുടരും. എക്കാലവും മികച്ച ബൗളിംഗ് കാഴ്ചവെക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ടീമിന്റെ ജയം ഏറെ പ്രധാനമാണ് “യൂസ്വേന്ദ്ര ചാഹൽ ആദ്യ ടി :20ക്ക് മനസ്സ്തുറന്നു.