ഏഷ്യാകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. യുഎഇ ടീമിനെതിരെ നടന്ന മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മാത്രമല്ല മത്സരത്തിൽ 15 ഓവറുകൾ ബാക്കിനിൽക്കെ വിജയം നേടി നേട്ടം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ബോളർമാരുടെ മികച്ച പ്രകടനമായിരുന്നു. കുൽദീപ് യാദവ് ശിവം ദുബെ എന്നീ ബോളർമാർ തട്ടുപൊളിപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണർ ഷറഫു(22) യുഎഇ ടീമിന് നൽകിയത്. എന്നാൽ ഇത് മുതലെടുക്കുന്നതിൽ ബാക്കിയുള്ള ബാറ്റർമാരൊക്കെയും പരാജയപ്പെടുകയായിരുന്നു. യുഎഇ നിരയിൽ ഓപ്പണർമാർ മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യയുടെ സൂപ്പർ പേസറായ ജസ്പ്രീത് ബൂമ്രയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ശേഷം സ്പിന്നർമാർ കൃത്യമായ രീതിയിൽ കളം നിറഞ്ഞതോടെ യുഎഇ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
മധ്യ ഓവറുകളിൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി കൂട്ടുകെട്ടുകൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത് കുൽദീപ് യാദവാണ്. കേവലം 7 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കാൻ കുൽദീപിന് സാധിച്ചു. 4 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ശിവം ദുബേയാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. ഇരുവരും ചേർന്ന് കേവലം 57 റൺസിൽ യുഎഇ ടീമിനെ ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി അഭിഷേക് ശർമയും ഗില്ലുമാണ് ഓപ്പണർമാരായി എത്തിയത്.
ആദ്യ പന്തിൽ തന്നെ സിക്സർ സ്വന്തമാക്കിയാണ് അഭിഷേക് ആരംഭിച്ചത്. മത്സരത്തിൽ 16 പന്തുകളിൽ 30 റൺസ് നേടാൻ അഭിഷേകിന് സാധിച്ചു. 2 ബൗണ്ടറികളും 3 സിക്സറുകളുമാണ് അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. 9 പന്തുകളിൽ 20 റൺസ് നേടിയ ഗില്ലും മികവാർന്ന പ്രകടനം പുറത്തെടുക്കുകയുണ്ടായി. ഇങ്ങനെ കേവലം 27 പന്തുകളിൽ ഇന്ത്യ വിജയലക്ഷം പിന്നിടുകയാണ് ഉണ്ടായത്. 9 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. പാകിസ്ഥാനെതിരെ സെപ്റ്റംബർ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്.



