2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത് റിഷഭ് പന്തിനെയാണ്. സഞ്ജു സാംസണെ മറികടന്നാണ് പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഇടംപിടിച്ചത് സഞ്ജുവിന് പകരം ഇന്ത്യ പന്തിനെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതിന് പിന്നിലെ യുക്തി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ.
2015ൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരുപാട് തവണ ഇത്തരത്തിൽ അവഗണനകൾ നേരിട്ടുള്ള താരമാണ് സഞ്ജു സാംസൺ. എന്നിരുന്നാലും ഇത്തവണ സഞ്ജുവിനെ ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അല്പം കടുത്തതായിരുന്നു എന്ന് ഗവാസ്കർ പറയുകയുണ്ടായി.
പന്ത് ഒരു ഗെയിം ചേഞ്ചർ ആയതുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ മാറ്റിനിർത്താൻ തയ്യാറായത് എന്ന് ഗവാസ്കർ പറയുന്നു. “അതൊരു വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. കാരണം കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തുടർച്ചയായി സെഞ്ച്വറികൾ സ്വന്തമാക്കിയ താരമാണ് സഞ്ജു സാംസൺ. അതുകൊണ്ട് തന്നെ അവനെ ഒഴിവാക്കുന്നതിൽ യാതൊരു അർത്ഥവും ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ പന്തിനെതിരെയാണ് സഞ്ജുവിന് മത്സരിക്കേണ്ടി വന്നത്. പന്ത് ഏകദിനങ്ങളിൽ ഒരു ഗെയിം ചേഞ്ചർ ആണ്. മാത്രമല്ല അവൻ ഒരു ഇടങ്കയ്യൻ ബാറ്ററാണ് എന്നതും നമ്മൾ ഓർക്കണം. അവനാണ് സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ. എന്നിരുന്നാലും സഞ്ജുവിനെക്കാൾ മികച്ച ബാറ്റർ പന്താണ് എന്ന് പറയാൻ സാധിക്കില്ല.”- ഗവാസ്കർ പറയുന്നു.
“സഞ്ജു സാംസണെക്കാൾ അല്പം കൂടുതൽ മികച്ച രീതിയിൽ മത്സരത്തെ മാറ്റിമറിക്കാൻ പന്തിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടാണ് സഞ്ജുവിനെ ഇത്തവണ ഇന്ത്യ ഒഴിവാക്കിയത്. എന്നിരുന്നാലും ഇത്തരമൊരു ഒഴിവാക്കലിൽ സഞ്ജു നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാവരും സഞ്ജുവിനെ സ്നേഹിക്കുന്നുണ്ട് എന്താണ് കഴിഞ്ഞ മത്സരങ്ങളിൽ അവൻ നേടിയ അംഗീകാരം എന്ന് എല്ലാവർക്കും അറിയാം.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് അവസാനമായി സഞ്ജു സാംസൺ ഇന്ത്യക്കായി കളിച്ചത്. പരമ്പരയിൽ 2 സെഞ്ചുറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇതുവരെ 16 ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്കായി സഞ്ജുവിന് കളിക്കാൻ സാധിച്ചത്. ഇതിൽ നിന്ന് 56.66 എന്ന ശരാശരിയിൽ 510 റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ഒരു സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്കായി സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. എന്തായാലും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും സഞ്ജുവിനെ ഒഴിവാക്കിയത് വളരെ നിരാശയാണ് ആരാധകർക്ക് ഉണ്ടാക്കിയിരിക്കുന്നത്.