ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ തിരിച്ചു വരികയായിരുന്നു. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയത്തിന് പിന്നാലെ വളരെയധികം ചർച്ചയായ ഒന്നായിരുന്നു ഇൻഡോറിലെ പിച്ച്. ആദ്യദിനം മുതൽ സ്പിന്നിനെ പിച്ച് വളരെയധികം പിന്തുണച്ചിരുന്നു. അതിനാൽ തന്നെ ഐസിസി പിച്ചിന് “മോശം” റേറ്റിംഗാണ് നൽകിയത്. ഇതിനെപ്പറ്റി സംസാരിക്കുകയാണ് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് ഇപ്പോൾ.
പിച്ചിന് മോശം റേറ്റിംഗും മൂന്ന് ഡിമെരിട്ട് പോയിന്റുകളും നൽകിയതിനെ പറ്റിയാണ് ദ്രാവിഡ് സംസാരിക്കുന്നത്. “അതിലേക്ക് ഞങ്ങൾ അധികമായി ശ്രദ്ധിക്കുന്നില്ല. കാരണം അത് മാച്ച് റഫറിയുടെ വിശകലനമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലാണ് മുൻപിലുള്ളത്. അതിനാൽതന്നെ ഫലങ്ങൾ നൽകുന്ന വിക്കറ്റുകളാണ് നമുക്ക് ആവശ്യം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ നേടിയ ആദ്യ ഇന്നിങ്സ് സ്കോർ വളരെ ചെറുതായിരുന്നു. ഒരുപക്ഷേ 60-70 റൺസ് അധികമായി നേടാൻ സാധിച്ചിരുന്നുവെങ്കിൽ വലിയ വ്യത്യാസം മത്സരത്തിൽ ഉണ്ടായേനെ.”- രാഹുൽ ദ്രാവിഡ് പറയുന്നു.
ഇതോടൊപ്പം അഹമ്മദാബാദ് ടെസ്റ്റിനുള്ള പിച്ചിനെ സംബന്ധിച്ചും രാഹുൽ ദ്രാവിഡ് സംസാരിക്കുകയുണ്ടായി. “നാലാം ടെസ്റ്റിനുള്ള അഹമ്മദാബാദ് പിച്ച് അഭികാമ്യമായാണ് തോന്നുന്നത്. പിച്ചിനെ സംബന്ധിച്ച് ഒരുപാട് സംസാരങ്ങൾ നമുക്ക് ചുറ്റും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയായാലും, ഏതുതരം പിച്ചായാലും അതിൽ നമ്മൾ കളിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം.”- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയുമാണ് ഫൈനലിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള മറ്റു രണ്ടു ടീമുകൾ. ഇരു ടീമുകൾക്കും മാർച്ച് 9ന് ആരംഭിക്കുന്ന മത്സരങ്ങളിൽ വിജയിക്കേണ്ടത് നിർണായകം തന്നെയാണ്. ജൂൺ ഏഴിന് ഓവലിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.