1983ല്‍ കപിൽദേവിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ശേഷം 28 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു അടുത്ത ലോകകപ്പ് കിരീടം ഇന്ത്യൻ മണ്ണിലേക്കെത്താൻ. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 2011ലായിരുന്നു മറ്റൊരു ഏകദിന ലോകകപ്പ് ഇന്ത്യയിൽ എത്തിയത്.
എന്നാൽ അതിനുശേഷം ഒരു ട്വന്റി20 ലോകകപ്പോ ഏകദിന ലോകകപ്പോ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം മറ്റൊരു ഇന്ത്യൻ നായകനും അത്രമേൽ മികവുപുലർത്താനും സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ ഇത്തരത്തിൽ പരാജയപ്പെടുന്നത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ പേസർ ശുഐബ് അക്തർ.
ഇന്ത്യയെ സംബന്ധിച്ച് സമ്മർദ്ദമാണ് ഐസിസി ടൂർണമെന്റുകളിൽ തിരിച്ചടിയാവുന്നത് എന്നാണ് അക്തർ ചൂണ്ടിക്കാട്ടുന്നത്. “ഇന്ത്യൻ ടീമിന്മേൽ നമ്മൾ ചെലുത്തുന്ന സമ്മർദ്ദം അവരെ പലപ്പോഴും തളർത്തുന്നുണ്ട്. അത്തരത്തിൽ വലിയ സമ്മർദ്ദങ്ങൾ നിലനിൽക്കുമ്പോൾ നന്നായി കളിക്കുക എന്നത് പ്രയാസകരമാണ്. ഇതാണ് ആദ്യത്തെ കാര്യം. രണ്ടാമത്തെ കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ടീമിന്റെ മുഴുവൻ സമ്മർദ്ദങ്ങൾ തന്നിലേക്ക് ആവാഹിച്ച് ടീമിനെ സംരക്ഷിക്കാൻ സാധിക്കുന്ന ഒരു കളിക്കാരൻ ഇന്ത്യയ്ക്കില്ല. അങ്ങനെയൊരു കളിക്കാരൻ ടീമിൽ ഉണ്ടെങ്കിൽ മറ്റു താരങ്ങളിലേക്കുള്ള സമ്മർദ്ദം കുറയുകയും ചെയ്തേനെ.”- അക്തർ പറയുന്നു.
“മഹേന്ദ്ര സിംഗ് ധോണി ഇക്കാര്യത്തിൽ അതികായൻ തന്നെയായിരുന്നു. ഇത്തരത്തിൽ സമ്മർദ്ദം ആവാഹിക്കാൻ ധോണിക്ക് വലിയ കഴിവുണ്ടായിരുന്നു. 2007 ട്വന്റി20 ലോകകപ്പിലും, 2011ലെ ഏകദിന ലോകകപ്പിലും, 2013ലെ ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം നമ്മൾ ഇത് കണ്ടതാണ്. എന്നാൽ ധോണി ക്യാപ്റ്റൻസിയിൽ നിന്ന് മാറിയതോടുകൂടി ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങളൊക്കെയും കൈവിട്ടു പോവുകയാണ് ഉണ്ടായത്. പല സമയത്തും രോഹിത്തിനെ കാണുമ്പോൾ അയാൾ ക്യാപ്റ്റനാകേണ്ടിയിരുന്നോ എന്ന് പോലും ചിന്തിച്ചു പോകുന്നു. പലപ്പോഴും രോഹിത് മൈതാനത്ത് വളരെ പരിഭ്രാന്തനാണ്”- അക്തർ കൂട്ടിച്ചേർക്കുന്നു.
“ഇത്തരത്തിലുള്ള മനോഭാവങ്ങൾ രോഹിത്തിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. നായകത്വത്തിലുള്ള സമ്മർദ്ദം കളിക്കാരെ ഒരുപാട് തളർത്താറുണ്ട്. മുൻപ് വിരാട് കോഹ്ലിക്കും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. അതിനാലാണ് വലിയ ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് പലപ്പോഴും വിജയിക്കാൻ സാധിക്കാതെ പോകുന്നത്. എന്നിരുന്നാലും ഇത്തവണത്തെ ലോകകപ്പ് വിജയിക്കാൻ ശേഷിയുള്ള ഒരു ടീം തന്നെയാണ് രോഹിത് ശർമയ്ക്കുള്ളത്. ഒരു ബാറ്റർ എന്ന നിലയ്ക്ക് വിരാട് കോഹ്ലിയെക്കാൾ മികവ് പുലർത്താൻ രോഹിത്തിന് സാധിക്കും. രോഹിത് ഒരു ക്ലാസിക്കൽ ബാറ്ററാണ്. മികച്ച ഷോട്ടുകൾ കളിക്കാനും അദ്ദേഹത്തിന് സാധിക്കും. നായകത്വത്തിലും അയാൾ മികവ് പുലർത്തേണ്ടതുണ്ട്.”- അക്തർ പറഞ്ഞുവയ്ക്കുന്നു.