സഞ്ജുവും അയ്യരും പുറത്ത്. ഏഷ്യകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഭജൻ സിംഗ്.

2023ലെ ഏഷ്യാകപ്പ് ആരംഭിക്കാൻ ഇനി കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യാകപ്പ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. പാക്കിസ്ഥാനാണ് ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ച് നടത്താനാണ് തീരുമാനം. കഴിഞ്ഞവർഷത്തെ ഏഷ്യാകപ്പിൽ ശ്രീലങ്കയായിരുന്നു ജേതാക്കളായത്.

അതിനാൽ തന്നെ എന്തു വില കൊടുത്തും ഏഷ്യാകപ്പ് തിരികെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ. എന്നാൽ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ചുള്ള അവസാനഘട്ട വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇപ്പോൾ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

സഞ്ജു സാംസണെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയാണ് ഹർഭജൻ സിംഗ് തന്റെ ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ഇടംകയ്യൻ യുവതാരം തിലക് വർമയെ ഹർഭജൻ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹർഭജന്റെ ഏഷ്യകപ്പിനുള്ള ടീമിൽ ഓപ്പണർമാരായി കളിക്കുന്നത് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തന്നെയാണ്. മികച്ച റെക്കോർഡുകളുള്ള താരങ്ങളാണ് ഇരുവരും. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പിലും ഈ രണ്ടു കളിക്കാർ തന്നെ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങും എന്നാണ് കരുതുന്നത്. മൂന്നാം നമ്പരിൽ ഹർഭജൻ ഉൾപ്പെടുത്തിയിരിക്കുന്നത് വിരാട് കോഹ്ലിയെയാണ്. എന്നാൽ സഞ്ജു സാംസണെ തഴഞ്ഞ ഹർജൻ സിങ് നാലാം നമ്പറിലേക്ക് സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും നിർദ്ദേശിക്കുന്നു.

ട്വന്റി20 ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്ററാണെങ്കിലും ഏകദിന ക്രിക്കറ്റിൽ തന്റെ പ്രതിഭ പുറത്തെടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൂര്യയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്. മറുവശത്ത് 55 റൺസ് ശരാശരിയിലാണ് സഞ്ജു സാംസൺ കളിക്കുന്നത്. എന്നിരുന്നാലും സഞ്ജുവിനെ ഹർഭജൻ ഒഴിവാക്കിയിരിക്കുകയാണ്. പകരം ഇഷാൻ കിഷനെ ഹർഭജൻ ഉൾപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സമയങ്ങളിൽ ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം തന്നെയാണ് ഇഷാൻ കിഷൻ പുറത്തെടുത്തിട്ടുള്ളത്.

ഇവർക്കൊപ്പം ഇന്ത്യയുടെ പേസ് ഓൾറൗണ്ടറായ ഹർദിക് പാണ്ട്യയേയും ഹർഭജൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹർദിക്കാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സ്പിൻ നിരയിൽ ചാഹൽ, കുൽദീപ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഹർഭജൻ തിരഞ്ഞെടുക്കുന്നത്. പേസർമാരായി ജസ്‌പ്രീറ്റ് ബുമ്ര, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവരെ ഹർഭജൻ തിരഞ്ഞെടുത്തിട്ടുണ്ട്. നാലാം പേസറായി ശർദുൾ താക്കൂറിനെയും ഹർഭജൻ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.