സഞ്ജുവും തിലകും വേണ്ട, ശ്രേയസിന് പകരം നാലാം നമ്പറിൽ അവൻ ഇറങ്ങണം. ശുപാർശയുമായി മുൻ സെലക്ടർ.

ഏഷ്യാകപ്പിനും ലോകകപ്പിനും മുൻപായി ഇന്ത്യയെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് ബാറ്റിംഗ് നിരയിലെ അസന്തുലിതാവസ്ഥ. ഇന്ത്യക്കായി മധ്യനിരയിൽ കളിക്കുന്ന പ്രധാന ബാറ്ററാണ് ശ്രേയസ് അയ്യർ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പരിക്കിന്റെ പിടിയിലാണ് ശ്രേയസ്. അതിനാൽ തന്നെ ശ്രേയസ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് ഏഷ്യാകപ്പിലൂടെ തിരികെ വരുമോ എന്നത് ഉറപ്പായിട്ടില്ല.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെയും ശ്രേയസ് അയ്യർ നൂറുശതമാനവും ഫിറ്റായിട്ടില്ല. അതിനാൽ തന്നെ 2023 ഏഷ്യാകപ്പിൽ ശ്രേയസ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ശ്രേയസിന്റെ അഭാവത്തിൽ ഇന്ത്യ പ്രധാനമായും നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത് സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ എന്നീ താരങ്ങളെയാണ്. ഇതിൽ ആര് ഇന്ത്യയ്ക്കായി വരുന്ന വലിയ ടൂർണമെന്റുകളിൽ നാലാം നമ്പറിൽ കളിക്കണം എന്ന് നിർദ്ദേശിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ സാബാ കരീം.

ഇന്ത്യക്കായി നാലാം നമ്പറിൽ കളിക്കാൻ ഏറ്റവും ഉത്തമനായ ബാറ്റർ സൂര്യകുമാർ യാദവാണ് എന്നാണ് സാബ കരീം പറയുന്നത്. സൂര്യയുടെ ഏകദിന മത്സരങ്ങളിലെ പരിചയ സമ്പന്നതയുടെ കൂടെ അടിസ്ഥാനത്തിലാണ് സാബാ കരീം ഇത്തരമൊരു നിർദ്ദേശം മുന്നിലേക്ക് വയ്ക്കുന്നത്. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു സാംസൺ, തിലക് വർമ എന്നിവരെക്കാൾ പരിചയസമ്പന്നത സൂര്യകുമാറിനുണ്ട്. അതിനാൽ തന്നെ സൂര്യയെ ഇന്ത്യ നാലാം നമ്പറിൽ ഉയർത്തിക്കൊണ്ടു വരണമെന്ന് കരീം പറയുകയുണ്ടായി.

“സൂര്യകുമാർ യാദവനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിൽ കളിച്ച് കൂടുതൽ പരിചയസമ്പന്നതയുള്ളത്. അതുകൊണ്ടുതന്നെ ഇവർക്ക് പകരക്കാരനായി സൂര്യകുമാർ ടീമിൽ കളിക്കുന്നതാണ് ഉത്തമമെന്നാണ് എനിക്ക് തോന്നുന്നത്.”- കരീം പറഞ്ഞു. സൂര്യകുമാറിന്റെ കാര്യത്തിൽ മാത്രമല്ല, കെഎൽ രാഹുലിന്റെ ലഭ്യതയെ സംബന്ധിച്ചും ഒരുപാട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ കെ എൽ രാഹുൽ ടൂർണമെന്റുകളിൽ കളിച്ചില്ലെങ്കിൽ പകരക്കാരനായി ഇഷാൻ കിഷനെ ടീമിൽ എത്തിക്കണം എന്നും കരീം പറയുകയുണ്ടായി.

“രാഹുലിന് തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയുടെ മുൻപിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ ഇഷാൻ കിഷൻ തന്നെയാവും. ഇഷാൻ കിഷൻ ഏതു തരത്തിലും കളിക്കാൻ സാധിക്കുന്ന ഒരു ക്രിക്കറ്റർ തന്നെയാണ്. ഒരു ഓപ്പണിങ് ബാറ്ററായും മധ്യനിര ബാറ്ററായും അവന് കളിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- കരീം പറഞ്ഞുവെക്കുന്നു. എന്തായാലും ഏഷ്യാകപ്പിനുള്ള സ്ക്വാഡ് ഇന്ത്യ തീരുമാനിക്കേണ്ട ദിവസം എത്തിയിരിക്കുകയാണ്. ഈ സമയത്താണ് ഇത്തരം ചർച്ചകൾ പുരോഗമിക്കുന്നത്.