ഐപിഎല്ലിലെ എല്‍-ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം അവസാന പന്ത് വരെ നീണ്ടു നിന്നു. 219 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കിറോണ്‍ പൊള്ളാര്‍ഡിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗാണ് വിജയത്തിലെത്തിച്ചത്. ചെന്നൈ ബോളര്‍മാരെ തല്ലിചതച്ച കീറോണ്‍ പൊള്ളാര്‍ഡ് 34 പന്തില്‍ 6 ഫോറും 8 സിക്സുമടക്കം 87 റണ്‍സാണ് നേടിയത്.
കീറോണ്‍ പൊള്ളാര്‍ഡ് 70 ല്‍ നില്‍ക്കുമ്പോള്‍ അനായാസമായ ക്യാച്ച് ഫാഫ് ഡൂപ്ലസി നഷ്ടപ്പെടുത്തിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ശര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ലോങ് ഓണില്‍ പൊള്ളാര്‍ഡിന്റെ അനായാസ ക്യാച്ച് ഫഫ് ഡുപ്ലെസിസിന് ലഭിച്ചെങ്കിലും സൗത്താഫ്രിക്കന്‍ താരത്തിനു കൈയിലാക്കാന്‍ സാധിച്ചില്ല.
മത്സരശേഷം എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടത് എന്നു പറഞ്ഞിരിക്കുകയാണ് മഹേന്ദ്ര സിങ്ങ് ധോണി. ” മനോഹരമായ പിച്ചാണ് ഡല്‍ഹിയിലേത്. നിര്‍ണ്ണായക സമയത്ത് ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ടേബിളിന്റെ തലപ്പത്ത് തന്നെയായതിനാല്‍ തോല്‍വി വലിയ മാനസിക പ്രയാസം ഉണ്ടാക്കില്ല. എന്നാല്‍ ഇപ്പോഴും ഇതൊരു പാഠമാണ്. വരും മത്സരങ്ങളില്‍ ബൗളര്‍മാര്‍ കൂടുതല്‍ നന്നായി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നു ” മത്സരശേഷം ധോണി പറഞ്ഞു.