അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച താരത്തിന്റെ പേര് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും ബ്രയാൻ ലാറയുമൊക്കെയും അണിനിരന്നിട്ടുണ്ടെങ്കിലും, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്ററായിരുന്ന ജാക്സ് കാലിസാണ് എന്ന് പോണ്ടിംഗ് പറയുന്നു. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കളിക്കാരനാണ് കാലിസ് എന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവ് പുലർത്തിയ കാലിസിനെ പോലെ ഒരു താരം പിന്നീട് ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല എന്ന് പോണ്ടിംഗ് തുറന്നു പറഞ്ഞു.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ജാക്സ് കാലിസ് തന്നെയാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് എനിക്ക് ഇവിടെ പ്രശ്നമല്ല. കരിയറിൽ 13000ലധികം റൺസ് കാലിസ് സ്വന്തമാക്കിയിട്ടുണ്ട്. 44- 45 സെഞ്ചുറികളാണ് അവൻ കരിയറിൻ നേടിയത്. മാത്രമല്ല 300ലധികം വിക്കറ്റുകളും തന്റെ കരിയറിൽ നേടാൻ കാലിസിന് സാധിച്ചു. ഇത്തരമൊരു റെക്കോർഡുള്ള മറ്റൊരു താരമുണ്ടോ? ഒരുപക്ഷേ 300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ച്വറികളോ മാത്രമായി സ്വന്തമാക്കുന്ന താരങ്ങൾ ക്രിക്കറ്റിലുണ്ടാവാം. പക്ഷേ ഇത് രണ്ടും ഒരേപോലെ നേടിയ താരം കാലിസ് മാത്രമാണ്.”- പോണ്ടിംഗ് പറയുന്നു.
“ഒരു വലിയ ക്രിക്കറ്ററാവാൻ മാത്രമായി ജനിച്ച താരമാണ് കാലിസ്. ബോളിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല ക്യാച്ചിങ്ങിലും അസാമാന്യ പ്രതിഭയുള്ള താരമായിരുന്നു കാലിസ്. സ്ലിപ്പിൽ അസാധാരണമായ ക്യാച്ചിങ് മികവ് കൊണ്ട് കാലിസ് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഒരു സ്ലിപ്പ് ഫീൽഡർ എന്ന നിലയിൽ കാലിസിന്റെ മികവ് പലരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വസ്തുത. ഒരു ഒതുങ്ങി കൂടുന്ന വ്യക്തിത്വമായിരുന്നു കാലിസിന്റേത്. അതുകൊണ്ടുത ന്നെ മാധ്യമങ്ങളുടെ മുൻപിൽ കാലിസ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇക്കാരണത്താൽ കാലിസിനെ മാധ്യമങ്ങൾ ഒരുപാട് വാഴ്ത്തിയില്ല.”- പോണ്ടിംഗ് പറയുകയുണ്ടായി.
19 വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത താരമാണ് കാലിസ്. 166 ടെസ്റ്റ് മത്സരങ്ങളും 328 ഏകദിന മത്സരങ്ങളും കാലിസ് കരിയറിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 13289 റൺസ് സ്വന്തമാക്കിയ കാലിസ്, ഏകദിനങ്ങളിൽ 11579 റൺസാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 292 വിക്കറ്റുകളായിരുന്നു കാലിസിന്റെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ 273 വിക്കറ്റുകളും കാലിസ് സ്വന്തമാക്കുകയുണ്ടായി. ട്വന്റി20 ക്രിക്കറ്റിൽ 12 വിക്കറ്റുകളാണ് കാലിസ് നേടിയത്. ആകെ 519 രാജ്യാന്തര മത്സരങ്ങൾ കളിച്ച കാലിസ് 338 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.