ക്യാപ്റ്റൻസിയിൽ മികച്ചത്, പക്ഷേ ബാറ്റിംഗിൽ ലോക ദുരന്തം. സൂര്യകുമാറിനെതിരെ അശ്വിൻ രംഗത്ത്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെതിരെ വിമർശനമുന്നയിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പരമ്പരയിലെ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നുവെങ്കിലും ബാറ്റിംഗിൽ അവൻ പൂർണ്ണമായും പരാജയപ്പെട്ടു എന്നാണ് അശ്വിൻ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവിന്റെ മോശം ഫോം ഒരു വലിയ പ്രശ്നമാണ് എന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു.

5 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 28 റൺസ് മാത്രമായിരുന്നു സൂര്യകുമാർ യാദവിന് നേടാൻ സാധിച്ചത്. 0, 12, 14, 0, 2 എന്നിങ്ങനെയാണ് സൂര്യകുമാർ യാദവ് മത്സരങ്ങളിൽ നേടിയത്. ഇതിന് ശേഷമാണ് ഇപ്പോൾ അശ്വിൻ രംഗത്ത് എത്തിയത്.

പരമ്പരയിലുടനീളം സൂര്യകുമാർ യാദവ് പുറത്തായത് ഒരേ രീതിയിൽ തന്നെയായിരുന്നു. എല്ലാ മത്സരങ്ങളിലും ഫ്ലിക്ക് ഷോട്ട് കളിക്കാൻ സൂര്യകുമാർ യാദവ് ശ്രമിക്കുകയും അത് ക്യാച്ചായി മാറുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണെ പോലെ തന്നെ സൂര്യകുമാർ യാദവിനും ഇംഗ്ലണ്ട് പേസർമാരുടെ മുന്നിൽ യാതൊരു ഉത്തരവും ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അശ്വിൻ രംഗത്തെത്തിയത്. “സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് തന്നെയാണ് ഇപ്പോൾ പ്രധാന പ്രശ്നം. ഈ പരമ്പരയിൽ വളരെ മികച്ച രീതിയിൽ നായകത്വം വഹിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. കൃത്യമായ സമയങ്ങളിൽ സൂര്യകുമാർ ക്യാപ്റ്റൻസിയിൽ മികച്ചു നിന്നു.”- അശ്വിൻ പറയുന്നു.

“പക്ഷേ അവന്റെ ബാറ്റിംഗ് വളരെ മോശമായിരുന്നു. വേണ്ട രീതിയിൽ സമയം ചിലവഴിക്കാനും സൂര്യകുമാർ യാദവിന് സാധിച്ചില്ല. സഞ്ജു സാംസണും സൂര്യകുമാർ യാദവും പരമ്പരയിലുടനീളം ഒരേപോലെയുള്ള പന്തുകളിലാണ് പുറത്തായത്. ഒരേപോലെയുള്ള ഫീൽഡിങ്ങിൽ, ഒരേപോലുള്ള ഷോട്ടുകൾ കളിച്ച്, ഒരേ പിഴവുകൾ ആവർത്തിച്ച്, ഒരേപോലെ ഇരുവരും പുറത്തായി.”- അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി. ഇത്തരത്തിൽ സൂര്യകുമാർ യാദവ് പുറത്താവുന്നത് തനിക്ക് അംഗീകരിച്ച് നൽകാൻ സാധിക്കില്ല എന്നാണ് അശ്വിൻ കൂട്ടിച്ചേർത്തത്.

“ഒന്നോ രണ്ടോ മത്സരങ്ങളിൽ ഒരേ രീതിയിൽ പുറത്താവുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ ഇത്തരത്തിൽ നിരന്തരം പുറത്താവുന്നത് അംഗീകരിക്കാൻ കഴിയില്ല. ടീമിലുള്ള താരങ്ങളൊക്കെയും പൂർണ്ണമായ സ്വാതന്ത്രത്തോടെ കളിക്കണം എന്നത് വസ്തുതയാണ്. പക്ഷേ നമ്മുടെ ബാറ്റർമാർ ഒരേ ചോദ്യങ്ങൾ വരുമ്പോൾ ഉത്തരങ്ങൾ നൽകേണ്ടതും അത്യാവശ്യം തന്നെയാണ്.”- അശ്വിൻ പറഞ്ഞുവെക്കുന്നു. എന്നിരുന്നാലും പരമ്പരയിൽ ഒരു വലിയ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 4 മത്സരങ്ങളിൽ വിജയം നേടിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര അവസാനിപ്പിച്ചത്.