സഞ്ജുവിന് പകരം ഇന്ത്യ അവനെ ഓപ്പണറാക്കും. ഉടനെ തന്നെ സംഭവിക്കും. പ്രവചിച്ച് മുൻ ഇന്ത്യൻ താരം.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മലയാളി താരം സഞ്ജു സാംസന്റെ മോശം ബാറ്റിംഗ് പ്രകടനത്തിൽ തന്റെ നിരാശ വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ ശ്രീകാന്ത്. പരമ്പരയിൽ മുൻനിരയിൽ അവസരം ലഭിച്ചിട്ടും വേണ്ട രീതിയിൽ മുതലാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 5 മത്സരങ്ങളിൽ നിന്ന് കേവലം 51 റൺസ് മാത്രമായിരുന്നു സഞ്ജു സാംസൺ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തിൽ നേടിയ 26 റൺസാണ് പരമ്പരയിലെ സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്കോർ. സമീപകാലത്ത് മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നുവെങ്കിലും ഇന്ത്യൻ മാനേജ്മെന്റ് വലിയ പിന്തുണ സഞ്ജുവിന് നൽകുകയുണ്ടായി. ഇതിന് ശേഷമാണ് ഇപ്പോൾ ശ്രീകാന്ത് രംഗത്ത് എത്തിയിരിക്കുന്നത്.

സഞ്ജു സാംസണ് പകരം ജയസ്വാളിനെ ഇന്ത്യ ഉടൻ തന്നെ ട്വന്റി20 ടീമിലെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് ശ്രീകാന്തിന്റെ കണക്കുകൂട്ടൽ. വലിയ അവസരമാണ് സഞ്ജു സാംസണ് നഷ്ടമായത് എന്ന് ഞാൻ കരുതുന്നു. “അഞ്ചാമത്തെ തവണയും ഒരേ രീതിയിൽ തന്നെയാണ് സഞ്ജു സാംസൺ പുറത്തായത്. എല്ലാവർക്കും പരിചിതമായ ഒരു ഷോട്ട് കളിച്ചാണ് അവൻ പുറത്തായത്. അത്തരമൊരു ഷോട്ട് കളിക്കുന്നില്ല എന്ന് തീരുമാനമെടുക്കാൻ അവന് കഴിയുന്നില്ല. ഞാൻ ഈ ഷോട്ട് തന്നെ കളിക്കും എന്നാണ് അവൻ എല്ലാവരോടും പറയുന്നത്. ഒരുവശത്ത് അവന്റെ ഈഗോയും മറുവശത്ത് അവൻ ബുദ്ധിമുട്ടുന്നതും നമുക്ക് കാണാം.”- ശ്രീകാന്ത് പറയുന്നു.

“വളരെ നിരാശജനകമായ പ്രകടനമാണ് അവൻ കാഴ്ചവെച്ചിരിക്കുന്നത്. എന്നെ അത് ഒരുപാട് വേദനിപ്പിച്ചു. എന്തുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താത്തത് എന്നതിനെ സംബന്ധിച്ചാണ് ഇപ്പോൾ ഇവിടെ ചർച്ചകൾ പുരോഗമിക്കുന്നത്. പക്ഷേ ഈ രീതിയിലാണ് സഞ്ജു മുൻപോട്ട് പോകുന്നതെങ്കിൽ, “താങ്ക്യൂ” എന്ന് പറഞ്ഞ് നമുക്ക് അവസാനിപ്പിക്കേണ്ടി വരും. അങ്ങനെയെങ്കിൽ സഞ്ജുവിന് പകരം ജയസ്വാൾ ഇന്ത്യയുടെ അടുത്ത ട്വന്റി20 ഓപ്പണറായെത്തും എന്ന കാര്യത്തിലും സംശയമില്ല. “- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.

ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിനിടെ സഞ്ജു സാംസണിന്റെ വിരലിന് പരിക്കേറ്റിരുന്നു. അതിനാൽ തന്നെ വരുന്ന ആറാഴ്ചകളിൽ സഞ്ജുവിന് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർ. ഇനി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിലൂടെയാവും സഞ്ജു മത്സര ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിലും സഞ്ജു സാംസൺ അണിനിരക്കില്ല എന്ന കാര്യം വ്യക്തമായിട്ടുണ്ട്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ കാര്യങ്ങളാണ് ഇതൊക്കെയും.