ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് വിജയം സ്വന്തമാക്കാൻ ഡൽഹിയെ സഹായിച്ചത് കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവായിരുന്നു. മത്സരത്തിൽ 42 പന്തുകളിയിൽ 57 റൺസ് നേടിയ രാഹുൽ ടീമിന്റെ നട്ടെല്ലായി മാറിയപ്പോൾ ഡൽഹി 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി.
ഇതിനു ശേഷം മൈതാനത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. കെഎൽ രാഹുലും അദ്ദേഹത്തിന്റെ മുൻ ടീം ഉടമയായ സഞ്ജീവ് ഗോയങ്കയും മൈതാനത്ത് വച്ച് കണ്ടുമുട്ടിയപ്പോൾ രാഹുൽ പൂർണ്ണമായും ഗോയങ്കയെ അവഗണിക്കുകയുണ്ടായി. കഴിഞ്ഞ സീസണുകളിൽ ലക്നൗ ടീമിന്റെ നായകനായിരുന്നപ്പോൾ, രാഹുലിനെതിരെ പലപ്പോഴും രംഗത്ത് വന്ന വ്യക്തിയാണ് ഗോയങ്ക. അതിനുള്ള മധുര പ്രതികാരമാണ് രാഹുൽ വീട്ടീയത് എന്ന് സാമൂഹ്യ മാധ്യമങ്ങൾ പറയുന്നു.
ഐപിഎല്ലിലെ 2022 മുതൽ 2024 സീസൺ വരെ സഞ്ജീവ് ഗോയങ്ക ഓണർ ആയുള്ള ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ നായകനായിരുന്നു രാഹുൽ. 2024 സീസണ്ണിന് ശേഷമാണ് രാഹുൽ ലക്നൗ ടീം ഉപേക്ഷിച്ചത്. തുടക്കം മുതൽ ഗോയങ്കയുമായി അത്ര മികച്ച ബന്ധത്തിൽ ആയിരുന്നില്ല രാഹുൽ ഉണ്ടായിരുന്നത്. മത്സരശേഷം മൈതാനത്ത് തന്നെ പലപ്പോഴും ഗോയങ്ക രാഹുലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 2024ൽ ലക്നൗ ടീം വിട്ടതിനുശേഷം രാഹുൽ പറഞ്ഞ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും വിശ്രമകരമായ ഒരു ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാവാനും താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു രാഹുൽ പറഞ്ഞത്.
അതേസമയം രാഹുൽ ഒരു മോശം പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് എന്നും വ്യക്തിഗത നേട്ടത്തിനാണ് മുൻഗണന കൊടുക്കുന്നത് എന്നും ഗോയങ്ക പറയുകയുണ്ടായി. ഇരുവരും തമ്മിൽ ഇത്തരത്തിൽ ഒരു ഉരസലിൽ നിൽക്കുന്ന സമയത്താണ് ഡൽഹിയുടെ ലക്നൗവിനെതിരായ മത്സരം നടന്നത്. മത്സരത്തിൽ ഗോയങ്കയുടെ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി തന്റെ ബാറ്റ് കൊണ്ട് നൽകാൻ രാഹുലിന് സാധിച്ചു. മത്സരത്തിന് ശേഷം രാഹുലിനെ അഭിനന്ദിക്കാനായി മൈതാനത്തെത്തിയ ഗോയങ്കയെ താരം പൂർണമായും അവഗണിക്കുകയാണ് ഉണ്ടായത്.
തനിക്ക് നേരെ ഹസ്തദാനം നൽകാനായി എത്തിയ ഗോയങ്കയ്ക്ക് കൈ കൊടുത്തു എന്ന് വരുത്തിതീർത്ത് രാഹുൽ നടന്നകന്നു. പിന്നീട് ഗോയങ്ക രാഹുലിനോട് എന്തോ പറയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പക്ഷേ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ രാഹുൽ അടുത്ത താരത്തിന്റെ അടുത്തേക്ക് പോവുകയാണ് ചെയ്തത്. തനിക്ക് യാതൊന്നും തന്നെ കേൾക്കാനില്ല എന്ന ഭാവത്തിൽ ആയിരുന്നു രാഹുലിന്റെ പ്രവർത്തി. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം ലക്നൗ നായകനായ രാഹുലിനോട് പരസ്യമായി ഗോയങ്ക അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്ന് മുതലുള്ള പ്രതികാരമാണ് രാഹുൽ ഇപ്പോൾ വീട്ടിയത് എന്ന് ആരാധകർ പറയുന്നു.