ഐസിസി ടി20 ലോകകപ്പിന്‍റെ സെമിഫൈനലില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയാണ് ഓസ്ട്രേലിയ, പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍ കടന്നത്. 96 ന് 5 എന്ന നിലയില്‍ നിന്നുമാണ് 177 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിലേ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായെങ്കിലും വാര്‍ണര്‍ ഒരറ്റത്ത് നിന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
എന്നാല്‍ വ്യക്തിഗത സ്കോര്‍ 49 ല്‍ നില്‍ക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ച് കൊടുത്താണ് മടങ്ങിയത്. പക്ഷേ റീപ്ലേകളില്‍ ബാറ്റില്‍ ബോള് തട്ടിയിരുന്നില്ലാ എന്ന് വ്യക്തമായി. റിവ്യൂ പോലും ചെയ്യാതെ ഡേവിഡ് വാര്‍ണര്‍ മടങ്ങിയത് എല്ലാവരെയും അമ്പരിപ്പിച്ചു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എല്ലാവരെയും പോലെ താനും ആ റീപ്ലേ കണ്ട് ആശ്ചര്യപ്പെട്ടു എന്ന് സച്ചിന്‍ പറഞ്ഞു.
” വാര്‍ണറുടെ പുറത്താകല്‍ അത്ഭുതപ്പെടുത്തി. എല്ലാവരും അപ്പീല്‍ ചെയ്തു. അതിന് പിന്നാലെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ചിലപ്പോള്‍ ബാറ്ററുടെ ബാറ്റില്‍ പന്ത് തട്ടിയാലും അയാള്‍ അറിയണമെന്നില്ല. എന്നാല്‍ ചിലപ്പോള്‍ ബാറ്റില്‍ പന്ത് തട്ടിയില്ലെങ്കിലും എതിര്‍ ടീമിലെ എല്ലാവരും അപ്പീല്‍ ചെയ്യുന്നതുകണ്ട് ബാറ്റര്‍ ക്രീസ് വീടാം. വാര്‍ണറുടെ ഔട്ടില്‍ അതാണ് സംഭവിച്ചത് എന്നാണ് എനിക്കുതോന്നുന്നത്. ”
വാര്‍ണറിന്‍റെ പുറത്താകലിനു പിന്നാലെ മാത്യൂ വേയ്ഡ് (41) മാര്‍ക്കസ് സ്റ്റോണിസ് (40) എന്നിവര്‍ ചേര്‍ന്നാണ് ഓസ്ട്രേലിയയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയ ന്യൂസിലന്‍റിനെ നേരിടും.