ഇത് എന്നെ കൂടുതല്‍ ശക്തനാക്കും. ഹസ്സന്‍ അലിക്ക് പറയാനുള്ളത്.

ഐസിസി ടി20 ലോകകപ്പില്‍ നിന്നും പുറത്തായതിനു ശേഷം ഇതാദ്യമായി പ്രതികരണം നടത്തി പാക്കിസ്ഥാന്‍ ബോളര്‍ ഹസ്സന്‍ അലി. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ തോല്‍വി. സെമിഫൈനലിലെ ഹീറോയായ മാത്യൂ വേയ്ഡിന്‍റെ ക്യാച്ച് ഹസ്സന്‍ അലി നഷ്ടപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തുടര്‍ച്ചയായ 3 സിക്സുകള്‍ പറത്തി മാത്യൂ വേയ്ഡ് ഓസ്ട്രേലിയയെ ഫൈനലില്‍ എത്തിച്ചത്.

മത്സരത്തിനു ശേഷം കനത്ത സൈബര്‍ ആക്രമണമാണ് ഹസ്സന്‍ അലിക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ, തന്നെ ഇനിയും പിന്തുണക്കണം എന്ന് പറയുകയാണ് ഹസ്സന്‍ അലി.

” എന്റെ പ്രകടനം നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാത്തതിനാൽ നിങ്ങളെല്ലാവരും അസ്വസ്ഥരാണെന്ന് എനിക്കറിയാം, പക്ഷേ എന്നെക്കാൾ നിരാശയില്ല. എന്നിൽ നിന്നുള്ള നിങ്ങളുടെ പ്രതീക്ഷകൾ മാറ്റരുത്. പാകിസ്ഥാൻ ക്രിക്കറ്റിനെ സാധ്യമായ ഏറ്റവും ഉയർന്ന തലത്തിൽ സേവനം ചെയ്യാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഈ മത്സരം എന്നെ കൂടുതല്‍ ശക്തനാക്കും. എല്ലാ സന്ദേശങ്ങൾക്കും ട്വീറ്റുകൾക്കും പോസ്റ്റുകൾക്കും കോളുകൾക്കും പ്രാർത്ഥനകൾക്കും നന്ദി ” ഹസ്സന്‍ അലി പറഞ്ഞു.

ഫീല്‍ഡിങ്ങില്‍ കൂടാതെ ബോളിംഗിലും മോശം പ്രകടനമാണ് ഹസ്സന്‍ അലി നടത്തിയത്. 4 ഓവറില്‍ വിക്കറ്റൊന്നും നേടാതെ 44 റണ്‍സാണ് വഴങ്ങിയത്. മത്സരത്തിനു ശേഷം നിരവധി താരങ്ങളാണ് ഹസ്സന്‍ അലിക്ക് പിന്തുണയുമായി എത്തിയത്.