അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച് മറ്റൊരു വീരാട് കോഹ്ലി എന്ന് വിലയിരുത്തപ്പെട്ട് താരമായിരുന്നു ഉന്‍മുക്ത് ചന്ദ്. 2012 ലാണ് ഉന്‍മുക്ത് ചന്ദിന്‍റെ കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായത്. എന്നാല്‍ അണ്ടര്‍ 19 തലത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഉന്‍മുക്തിന് സാധിച്ചില്ല. എന്തുകൊണ്ട് മറ്റൊരു വീരാട് കോഹ്ലിയാവാന്‍ ഉന്‍മുക്തിന് കഴിഞ്ഞില്ലാ എന്ന് കണ്ടെത്തുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ നിഖില്‍ ചോപ്ര.
കഴിവുണ്ടായിട്ടും അത് പൂര്‍ത്തികരിക്കാന്‍ കഴിയാതെ പോയ താരമാണ് ഈ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ എന്ന് വിശേഷിക്കുകയാണ് നിഖില്‍ ചോപ്ര. ”അണ്ടര്‍ 19 തലത്തില്‍ നിന്ന് രഞ്ജി ട്രോഫിയിലേക്കുള്ള മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. കൗമാര ക്രിക്കറ്റില്‍ നിന്ന് ഉയര്‍ന്ന തലത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ചെയ്യുന്നത്. അണ്ടര്‍ 19 തലം അവിടെ അവസാനിച്ചു. പിന്നീട് ചെയ്യേണ്ടത് അണ്ടര്‍ 19യിലെ പ്രകടനം രഞ്ജി ട്രോഫിയിലും പുറത്തെടുക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിച്ചു. അവിടെയും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. ”
ഇന്ത്യന്‍ ടീമിലെത്തിയ ശേഷം പുറത്താക്കപ്പെട്ട വീരാട് കോഹ്ലി, ആഭ്യന്തര ക്രിക്കറ്റില്‍ ഫോം കണ്ടെത്തി ടീമില്‍ തിരിച്ചെത്തിയ കാര്യവും അദ്ദേഹം ചൂണ്ടികാട്ടി. ” അണ്ടര്‍ 19യിലെ പ്രകടനം രഞ്ജി ട്രോഫിയില്‍ ആവര്‍ത്തിക്കാനായില്ല. കഴിവുള്ള താരമായിരുന്നു അവന്‍. എന്നാല്‍ കഴിവിനൊത്ത പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിഞ്ഞെടുക്കപ്പെടണമെങ്കില്‍ നിങ്ങള്‍ മറ്റാരേക്കാളും മീതെയാണെന്ന് തെളിയിക്കണം ” നിഖില്‍ ചോപ്ര പറഞ്ഞു.
ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഉന്‍മുക്ത് ചന്ദ് ബിഗ് ബാഷ് ലീഗില്‍ അരങ്ങേറ്റം നടത്തിയിരുന്നു. യുഎസിലേക്ക് ചേക്കേറിയ താരം അമേരിക്കയില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്.