വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസവും ഇന്ത്യൻ മേൽക്കൈ. അരങ്ങേറ്റക്കാരനായ ജയിസ്വാളിന്റെയും ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും സെഞ്ച്വറികളുടെ മികവിൽ ശക്തമായ നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം മത്സരം അവസാനിപ്പിച്ചത്. വിൻഡിസിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 150 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിപ്പിക്കുമ്പോൾ 312 റൺസ് നേടിയിട്ടുണ്ട്. ഇതോടുകൂടി ഇന്ത്യയുടെ ലീഡ് 162 റൺസായി വർദ്ധിച്ചു. മാത്രമല്ല കേവലം രണ്ട് വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടമായിട്ടുള്ളത്. അതിനാൽ തന്നെ മൂന്നാം ദിവസം 300 നു മുകളിൽ ഒരു ലീഡ് കണ്ടെത്തി വിൻഡീസിനെ വരിഞ്ഞു മുറുകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേവലം 150 റൺസ് മാത്രം നേടാനെ വിൻഡീസിന് സാധിച്ചിരുന്നുള്ളൂ. രവിചന്ദ്രൻ അശ്വിന്റെയും ജഡേജയുടെയും പന്തുകൾക്ക് മുൻപിൽ വിൻഡീസ് ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസാണ് നേടിയിരുന്നത്. രണ്ടാം ദിവസത്തിന്റെ തുടക്കത്തിലും വളരെ ക്ഷമയോടുകൂടിയാണ് ഇന്ത്യ ആരംഭിച്ചത്. രോഹിത് ശർമയും ജയിസ്വാളും വിൻഡീസ് ബോളർമാരെ വളരെയധികം ബഹുമാനിക്കുകയുണ്ടായി. ആദ്യ സെഷനിൽ ഒരുപാട് റൺസ് നേടാൻ സാധിച്ചിരുന്നില്ലെങ്കിലും വിക്കറ്റുകൾ വിട്ടുകൊടുക്കാൻ ഇന്ത്യ തയ്യാറായില്ല. ശേഷം രണ്ടാം ദിവസത്തെ രണ്ടാം സെക്ഷനിലാണ് ഇന്ത്യ ആക്രമണം ആരംഭിച്ചത്. ഇതോടുകൂടി ഇരു ബാറ്റർമാരും തങ്ങളുടെ സെഞ്ച്വറി മത്സരത്തിൽ പൂർത്തിയാക്കുകയും ചെയ്തു.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 229 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രോഹിത് ശർമ മത്സരത്തിൽ 221 പന്തുകളിൽ 103 റൺസ് നേടുകയുണ്ടായി. രോഹിത് പുറത്തായ ശേഷമെത്തിയ ശുഭ്മാൻ ഗില്ലും(6) അല്പസമയം മാത്രമാണ് ക്രീസിൽ തുടർന്നത്. എന്നാൽ നാലാമനായിറങ്ങിയ വിരാട് കോഹ്ലി ക്രീസിൽ ഉറച്ചതോടെ ഇന്ത്യയുടെ സ്കോർ ഉയരുകയായിരുന്നു. ജെയിസ്വാളിനൊപ്പം അവസാന സെഷനിൽ മിന്നും പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. ജയിസ്വാൾ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 350 പന്തുകൾ നേരിട്ട് 143 റൺസ് നേടിയിട്ടുണ്ട്.
തന്റെ ആദ്യ മത്സരത്തിൽ തന്നെ വളരെ പക്വതയോടെയാണ് ജെയിസ്വാൾ കളിച്ചത്. ഒപ്പം 96 പന്തുകളിൽ 36 റൺസെടുത്ത വിരാട് കോഹ്ലിയും ജയിസ്വാളിനൊപ്പം ക്രീസിൽ തുടരുന്നു. മൂന്നാം ദിവസം എങ്ങനെയെങ്കിലും ഇന്ത്യയുടെ ലീഡ് 300 കടത്തുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. അങ്ങനെയെങ്കിൽ രണ്ടാ ഇന്നിംഗ്സിൽ വിൻഡിസിനെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കും. എന്തായാലും മത്സരത്തിൽ പൂർണമായും ഇന്ത്യ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.