ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മയും ജയസ്വാളും. ആദ്യ വിക്കറ്റില്‍ കൂട്ടിചേര്‍ത്തത് 229 റണ്‍സ്

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം 312 ന് 2 എന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രോഹിത് ശര്‍മ്മയുടേയും അരങ്ങേറ്റക്കാരന്‍ ജയിസ്വാളിന്‍റെയും സെഞ്ചുറി കരുത്തില്‍ മികച്ച നിലയില്‍ എത്തിയ ഇന്ത്യക്ക് ഇതിനോടകം 162 റണ്‍സ് ലീഡുണ്ട്.

മത്സരത്തില്‍ രോഹിത് – ജയസ്വാള്‍ ഓപ്പണിംഗ് ജോഡി ഒരു റെക്കോഡ് പേരിലാക്കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 229 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ നേടുന്ന ഏറ്റവും മികച്ച ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ടായി ഇത് മാറി. 2006 ലെ ടെസ്റ്റില്‍ സേവാഗും വസീം ജാഫറും നേടിയ 159 റണ്‍സിന്‍റെ റെക്കോഡാണ് ഇരുവരും മറികടന്നത്.

jaiswal and rohit 1

23 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ഓപ്പണിംഗ് താരങ്ങള്‍, 100 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കുന്നത്. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലീഡ് നേടുന്നത്.

രോഹിത് ശര്‍മ്മ 103 റണ്‍സ് നേടി പുറത്തായപ്പോള്‍ 143 റണ്‍സുമായി ജയസ്വാള്‍ ക്രീസില്‍ ഉണ്ട്.