ലോകകപ്പ് നേടണമെങ്കിൽ ഇന്ത്യ റോഡ് പോലെ പിച്ചുണ്ടാക്കണം. നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പരാജയം ഇന്ത്യയ്ക്ക് മുൻപിൽ ഒരുപാട് ചോദ്യങ്ങളാണ് നിരത്തുന്നത്. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും, പിച്ചിന്റെ വ്യത്യസ്തമായ സ്വഭാവത്തിന് മുൻപിൽ ഇന്ത്യൻ നിര പതറുന്നത് തന്നെയായിരുന്നു കാണാൻ സാധിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ പിച്ചിൽ നിന്ന് സീമർമാർക്ക് സഹായം ലഭിച്ചപ്പോൾ, മൂന്നാം മത്സരത്തിൽ സ്പിന്നർമാർക്കായിരുന്നു സഹായം ലഭിച്ചത്. ഈ മൂന്ന് സാഹചര്യങ്ങളിലും ഇന്ത്യൻ ബാറ്റർമാർ പതറുന്നത് തന്നെയാണ് കണ്ടത്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കണമെങ്കിൽ റോഡ് പോലെ ഫ്ലാറ്റായ പിച്ചുകൾ നിർമ്മിക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

“ഒരുപാട് ചോദ്യങ്ങൾ ഇന്ത്യയ്ക്ക് മുൻപിലുണ്ട്. ഈ പരമ്പരയിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. ലോകകപ്പിൽ നമുക്ക് ആവശ്യം റോഡ് പോലെയുള്ള പിച്ചുകൾ തന്നെയാണ്. കാരണം സീമിനെ സഹായിക്കുന്നതോ, സ്പിന്നിന് ടേൺ നൽകുന്നതോ ആയ പിച്ചുകളിൽ നമ്മൾ പരാജയപ്പെടുന്നതാണ് പരമ്പരയിൽ കണ്ടത്. ബോൾ സിംഗ് ചെയ്യുന്ന സമയത്ത് നമ്മൾ ഒരുപാട് ബുദ്ധിമുട്ടുന്നു. ആദ്യ മത്സരത്തിൽ മത്സരത്തിൽ 180 റൺസ് ചേസ് ചെയ്യുന്നതിനിടെ നമ്മുടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിൽ നമ്മൾ 117 റൺസിന് ഓൾഔട്ടാവുകയും ചെയ്തു. അതേപോലെതന്നെ മൂന്നാം മത്സരത്തിൽ പന്ത് ടേൺ ചെയ്ത സാഹചര്യത്തിൽ 270 എന്ന വിജയലക്ഷം പോലും താണ്ടാൻ നമുക്ക് സാധിച്ചില്ല.”- ചോപ്ര പറയുന്നു.

image 1 e1679058964594

“എന്നാൽ ന്യൂസിലാന്റും ശ്രീലങ്കയും ഇവിടെ വന്നപ്പോൾ നമ്മൾ നിർമ്മിച്ചത് വളരെ മികച്ച ഫ്ലാറ്റ് പിച്ചുകളായിരുന്നു. ഈ പിച്ചുകളിൽ 350-400 റൺസ് ടീമുകൾ നേടുകയുണ്ടായി. അത്തരം പിച്ചുകൾ വളരെ മികച്ചതായിരുന്നു. എന്നാൽ ഈ മൂന്നു മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. മികച്ച ഒരു എതിർ ടീമും, പിച്ചിൽ നിന്ന് സഹായവും ലഭിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ ദുർഘടമാകുന്നു.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ കേവലം രണ്ട് ഇന്ത്യൻ ബാറ്റർമാർ മാത്രമായിരുന്നു അർത്ഥസെഞ്ച്വറിയെങ്കിലും പൂർത്തീകരിച്ചത്. കെ എൽ രാഹുലും വിരാട് കോഹ്ലിയും മാത്രമാണ് അർത്ഥശതകങ്ങൾ നേടിയവർ. ഒപ്പം കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നീ ബാറ്റർമാർക്ക് മാത്രമാണ് പരമ്പരയിൽ 30ന് മുകളിൽ ശരാശരിയുള്ളത്. ഇത് കാണിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ്ങിലെ വലിയ പരാജയം തന്നെയാണ്.

Previous articleലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോള്‍. പനാമക്കെതിരെ വിജയവുമായി അര്‍ജന്‍റീന.
Next articleസഞ്ജുവിന്റെ ഷോട്ടുകൾ കണ്ട് ഞെട്ടി കുട്ടി ആരാധകർ. ഇത്തവണ പൊളിച്ചടുക്കാൻ മലയാളികളുടെ മുത്ത്.