വീണ്ടും ആരാധകർക്ക് മുൻപിൽ രോക്ഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയുടെ നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിനിടെയാണ് മറ്റൊരു വിവാദത്തിന് ഗൗതം ഗംഭീർ തുടക്കം കുറിച്ചിരിക്കുന്നത്. മത്സരത്തിനിടെ മഴ പെയ്യുകയും മത്സരം ഇടയ്ക്കുവെച്ച് നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. ഈ സമയത്തുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മഴയുടെ സമയത്ത് ഒരു കുടയുമായി സ്റ്റാൻഡിലൂടെ നടന്നുവരുന്ന ഗൗതം ഗംഭീറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ സമയത്ത് ആരാധകർ വിരാട് കോഹ്ലിയുടെ പേര് ഗൗതം ഗംഭീറിനെ നോക്കി വിളിക്കുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും.
എന്നാൽ ആരാധകർ കോഹ്ലിയുടെ പേര് നിരന്തരം മുദ്രാവാക്യം പോലെ വിളിക്കുന്നത് കേട്ട ഗംഭീർ തന്റെ വലംകൈ പോക്കറ്റിൽ നിന്ന് എടുക്കുകയും ആരാധകർക്ക് നേരെ നടുവിരൽ ഉയർത്തി കാട്ടുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്തായാലും ഈ വീഡിയോ വരും ദിവസങ്ങളിലും ചർച്ചയാവാൻ സാധ്യതയുണ്ട്. എന്നാൽ ഇതേ സംബന്ധിച്ച് ഗംഭീർ പറഞ്ഞ പ്രസ്താവന ഇങ്ങനെയാണ്.
“ആ സമയത്ത് ആളുകൾ ഇന്ത്യ വിരുദ്ധ സ്ലോഗണുകൾ പറയുകയായിരുന്നു. ഒരു ഇന്ത്യൻ എന്ന നിലയ്ക്ക് എന്റെ രാജ്യത്തെക്കുറിച്ച് അവർ പറയുന്നത് കേട്ട് ഒന്നും സംസാരിക്കാതെ പോവാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് എനിക്ക് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നത്. നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നത് ഇക്കാര്യത്തിന്റെ ശരിയായ വ്യാഖ്യാനമല്ല.”- ഗൗതം ഗംഭീർ സ്പോർട്സ് ടക്കിനോട് പറഞ്ഞു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യസമയത്ത് ഇന്ത്യൻ ഫീൽഡർമാരിൽ നിന്ന് ഒരുപാട് പിഴവുകൾ ഉണ്ടായി. ഇത് മുതലെടുക്കാൻ നേപ്പാളിന്റെ ഓപ്പണിങ് ബാറ്റർമാർക്ക്. സാധിച്ചു. ഭുർടെൽ(38) ആസിഫ് ഷെയ്ക്ക്(58) എന്നീ ഓപ്പണിങ് ബാറ്റർമാർ പവർ പ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചു. ഒന്നാം വിക്കറ്റിൽ 65 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. എന്നാൽ ഷർദുൽ താക്കൂർ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതോടെ മത്സരം ഇന്ത്യയുടെ കയ്യിലേക്ക് എത്തുകയായിരുന്നു. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
രവീന്ദ്ര ജഡേജ ആദ്യ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകിയപ്പോൾ, മുഹമ്മദ് സിറാജും തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. നേപ്പാളിന്റെ മധ്യനിര വലിയ അത്ഭുതങ്ങൾ കാട്ടിയില്ലെങ്കിലും, എട്ടാമനായി ക്രീസിലേത്തിയ സോംപാൽ കാമി ഇന്ത്യൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി.
56 പന്തുകൾ നേരിട്ട് 48 റൺസാണ് കാമി മത്സരത്തിൽ നേടിയത്. ഈ ഇന്നിംഗ്സിന്റെ ബലത്തിൽ 48.2 ഓവറുകളിൽ 230 റൺസ് നേപ്പാൾ സ്വന്തമാക്കുകയായിരുന്നു. ഒരു സമയത്ത് പോലും നേപ്പാളിൽ നിന്ന് ഇത്ര ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം ഇന്ത്യൻ ബോളർമാർ പ്രതീക്ഷിച്ചിരുന്നില്ല.