അധംപതിച്ച ഫീൽഡിംഗ്. അനായാസ ക്യാച്ച് കൈവിട്ട് കോഹ്ലിയും ശ്രേയസും കിഷനും. കളി മറന്ന് ഇന്ത്യ.

നേപ്പാളിനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ നിരാശാജനകമായ തുടക്കവുമായി ഇന്ത്യൻ ടീം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മൈതാനത്ത് മോശം ഫീൽഡിങ് പ്രകടനവുമായിയാണ് ഇന്ത്യ നിരാശ വിതറിയത്. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ ക്യാച്ചുകൾ കൈവിട്ടും ഫീൽഡിൽ പിഴവുകൾ വരുത്തിയും ഇന്ത്യൻ നിര ആരാധകരെയടക്കം നിരാശയിൽ എത്തിയിട്ടുണ്ട്. നേപ്പാളിന്റെ ആദ്യ ഓവറിൽ ശ്രേയസ് അയ്യർ ക്യാച്ച് കൈവിട്ടതോടെ ഇന്ത്യയുടെ ശനിദശ ആരംഭിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ഓവറിലെ അവസാന പന്തിലാണ് ശ്രേയസ് അയ്യർ ആദ്യ ക്യാച്ച് കൈവിട്ടത്. ആ സമയത്ത് സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരുന്ന അയ്യർ തനിക്ക് ലഭിച്ച ക്യാച്ച് അവസരം മുതലാക്കാതെ വിട്ടു. ശേഷം വിരാട് കോഹ്ലി ഒരു അനായാസ ക്യാച്ചും കൈവിട്ടതോടെയാണ് ഇന്ത്യയുടെ ഫീൽഡിങ് നിലവാരം താഴേക്ക് പോയത്. നേപ്പാളിന്റെ രണ്ടാമത്തെ ഓവറിൽ ആസിഫ് ഷെയ്ക്കിനെ പുറത്താക്കാനുള്ള അവസരമാണ് വിരാട് കോഹ്ലി കളഞ്ഞു കുളിച്ചത്. മുഹമ്മദ് സിറാജ് ആയിരുന്നു പന്തറിഞ്ഞത്. സിറാജിന്റെ പന്തിൽ കവറിലേക്ക് ഒരു മോശം ഷോട്ട് കളിക്കുകയായിരുന്നു ആസിഫ്. അനായാസം കയ്യിൽ ഒതുക്കാവുന്ന ക്യാച്ച് ആയിരുന്നുവെങ്കിലും കോഹ്ലി അത് കൈവിട്ടു. ഇത് ആരാധകരെയടക്കം അത്ഭുതപ്പെടുത്തി.

ഇതിനുപിന്നാലെ ഇഷാൻ കിഷനും തന്റെ കയ്യിലേക്കെത്തിയ ഒരു അനായാസ ക്യാച്ച് കൈവിടുകയുണ്ടായി. ഇതോടെ ഒരുപാട് അവസരങ്ങളാണ് നേപ്പാളിന്റെ ഓപ്പണർ ബാറ്റർമാർക്ക് ലഭിച്ചത്. ഇത് പരമാവധി ഉപയോഗിക്കുന്ന കാര്യത്തിൽ ബാറ്റർമാർ വിജയം കാണുകയുണ്ടായി. ശേഷം ഇന്നിങ്സിന്റെ പല സമയത്തും ഇത്തരത്തിൽ ഫീൽഡിങ് പിഴവുകൾ ഇന്ത്യ ആവർത്തിക്കുന്നത് കാണാമായിരുന്നു. ഗ്രൗണ്ട് ഫീൽഡിങ്ങിലും വളരെ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഈ പ്രകടനവുമായി ഇന്ത്യ ടൂർണമെന്റിന്റെ ഏത് അറ്റം വരെ പോകും എന്ന ആശങ്കയിലാണ് ആരാധകരൊക്കെയും.

ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഫീൽഡിലെ പിഴവുകൾ തിരിച്ചടിയായി മാറുകയായിരുന്നു. ഓപ്പണർ ഭുർടലും(38) ആസിഫ് ഷെയ്ക്കും(58) ഈ അവസരങ്ങൾ മുതലെടുത്തു. ആദ്യ വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയാണ് ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. നേപ്പാളിന്റെ മധ്യനിരയെ തുരത്തിയെറിയാൻ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചു. മത്സരത്തിൽ മികച്ച പൊസിഷനിൽ തന്നെയാണ് ഇന്ത്യ.